ട്രെയിന്‍ യാത്ര നടത്തണോ ? ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്ബ് സ്റ്റേഷനിലെത്തണം


ദില്ലി: ഇനി പഴയതുപോലെ ട്രെയിന്‍ വിടുന്നതിന് മുമ്ബ് ഓടിക്കേറാമെന്ന് കരുതി വീട്ടില്‍ നിന്നും വൈകിയിറങ്ങേണ്ട. നിങ്ങള്‍ക്ക് വണ്ടി കിട്ടില്ല. കാരണം ഇന്ത്യറെയില്‍വേയില്‍ പുതിയ സംവിധാനത്തിന് കളമൊരുങ്ങുന്നു. യാത്ര പോകേണ്ട ട്രെയിനിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്ബ് സ്റ്റേഷനില്‍ എത്തണം. സുരക്ഷാ പരിശോധനകള്‍ നടത്തണം. വിമാനത്തവളങ്ങളിലേത് പോലെ.


എങ്കില്‍ മാത്രമേ ഇനി നിങ്ങള്‍ക്ക് ട്രെയിന്‍ യാത്ര ചെയ്യാന്‍ പറ്റൂ. വിമാനത്താവള മാതൃകയില്‍ സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍‌വെ തീരുമാനിച്ചതായി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുംഭമേള കണക്കിലെടുത്ത് അലഹബാദിലെ പ്രയാഗ്‌രാജ് റെയില്‍വെ സ്റ്റേഷനില്‍ ഈ രീതി നടപ്പാക്കി കഴിഞ്ഞു.


ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാസംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ നടപ്പാക്കിയത്. ഈ മാസത്തില്‍ തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും തുടര്‍ന്ന് തെരഞ്ഞെടുത്ത മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ സുരക്ഷാ സേന. ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകളാകും ഇനി റെയില്‍വേ സ്‌റ്റേഷനുകളില്‍ ഉണ്ടാകുക.

സ്റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 2016 ല്‍ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേഷനിലേക്ക് കയറാനുള്ള വഴികള്‍ പ്രത്യേകമായി നിശ്ചയിക്കും. ആദ്യ ഘട്ടത്തില്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കില്ല. എന്നാല്‍ മുഴുവന്‍ പ്രവേശന കവാടങ്ങളും ആര്‍പിഎഫിന്റെ നിയന്ത്രണത്തിലാക്കും. പ്രവേശനം മിക്കവാറും ഒരു കവാടത്തിലൂടെ മാത്രമാക്കാന്‍ ശ്രമിക്കും. എല്ലാ കവാടത്തിലും സുരക്ഷാ പരിശോധനയുണ്ടാകും. ഇതിനായി അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കില്ലെന്നും പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധനകള്‍ ഉണ്ടാവുകയെന്നും ആര്‍പിഎഫ് ഡയറകടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പിടിഎയോട് പറഞ്ഞു.



Sharing is Caring