ചെന്നൈ: അപ്രതീക്ഷിതമായി രാത്രിവൈകി പനീര്‍ശെല്‍വത്തിന്റെ ശശികലാവിരുദ്ധ പ്രസ്താവനയെത്തിയതോടെ തമിഴ് രാഷ്ട്രീയരംഗം ഉണര്‍ന്നു. വ്യത്യസ്ത രാഷ്ട്രീയക്യാമ്ബുകളില്‍ ചര്‍ച്ചകളും കൂടിയാലോചനകളും മുറുകി.
പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ തത്സമയം കാണിച്ചുതുടങ്ങിയ ഉടന്‍തന്നെ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്ബിദുരൈ അടക്കമുള്ള നേതാക്കള്‍ ശശികലയെ കാണാന്‍ പോയസ് ഗാര്‍ഡനിലേക്ക് എത്തി. ശശികല അനുകൂലവിഭാഗം ഇവിടെ യോഗം ചേര്‍ന്ന് പനീര്‍ശെല്‍വത്തെ എ.ഐ.എ.ഡി.എം.കെ. ട്രഷറര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ രാത്രി വൈകി തീരുമാനമെടുത്തു.

കൂടുതല്‍ എം.എല്‍.എ.മാര്‍ പനീര്‍ശെല്‍വത്തിന്റെ ഒപ്പം പോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് യോഗത്തില്‍ മെനഞ്ഞത്.
50 എം.എല്‍.എ.മാര്‍ പനീര്‍ശെല്‍വത്തിനൊപ്പമുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. എന്നാല്‍, മുഴുവന്‍ പാര്‍ട്ടി എം.എല്‍.എ.മാരുടെയും പ്രവര്‍ത്തകരുടെയും പിന്തുണ ശശികലയ്ക്കുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ. വക്താവ് അപ്സര റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ ഡി.എം.കെ.ക്യാമ്ബിലും രാത്രിവൈകിയും കൂടിയാലോചനകള്‍ തുടര്‍ന്നു.













