ട്രംപിനെ പേടിച്ച്‌ അമേരിക്ക വിടാനൊരുങ്ങി ജനങ്ങള്‍; വീടിനായി തിരയുന്നത് ബ്രിട്ടനില്‍

പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ബ്രിട്ടനിലേക്ക് താമസം മാറുന്നതിന്റെ സാധ്യതയാരാഞ്ഞ് അമേരിക്കക്കാര്‍. കഴിഞ്ഞദിവസങ്ങളില്‍ അമേരിക്കയില്‍നിന്നു നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെ പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകളില്‍ വീടിനായി പരതിയത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ങാം തുടങ്ങിയ ബ്രിട്ടിഷ് നഗരങ്ങളിലെ വീടുകളുടെ ലഭ്യതയെക്കുറിച്ചും വാടക, വില എന്നിവയെക്കുറിച്ചുമായിരുന്നു അന്വേഷണങ്ങള്‍.
പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റ് ‘സൂപ്ല’ സന്ദര്‍ശിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍, ട്രംപിന്റെ വിജയവാര്‍ത്ത പുറത്തുവന്ന ബുധനാഴ്ച 45.3 ശതമാനമായിരുന്നു വര്‍ധന.

ലണ്ടന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണങ്ങള്‍ ഏറെയും. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ വസ്തുവിലയിലുണ്ടായ കുറവും വിനിമയനിരക്കിലെ വ്യത്യാസവും മൂലം ബ്രിട്ടനിലെ നഗരങ്ങളില്‍ വീട് വാങ്ങാനെത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇതിനു പിന്നാലെ ട്രംപിന്റെ അപ്രതീക്ഷിത വിജയവും അതിന് ആക്കം കൂട്ടി.
തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍, കനേഡിയന്‍ ഇമിഗ്രേഷന്‍ സര്‍വീസിനുള്ള ഔദ്യോഗിക വെബ്സൈറ്റ് ഉപയോക്താക്കളുടെ തള്ളിക്കയറ്റം മൂലം പണിമുടക്കിയിരുന്നു. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ കാനഡയിലേക്കുള്ള കുടിയേറ്റ സാധ്യതകള്‍ ആരാഞ്ഞ് സൈറ്റിലെത്തിയതായിരുന്നു കാരണം. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടനിലേക്കുള്ള കുടിയേറ്റ സാധ്യതയാരാഞ്ഞ് അമേരിക്കക്കാര്‍ പ്രോപ്പര്‍ട്ടി സൈറ്റുകള്‍ പരതുന്നത്.
കാനഡയിലേക്ക് എങ്ങനെ കുടിയേറാം, ബ്രിട്ടനില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നത് എങ്ങനെ, ട്രംപ് എങ്ങനെ വിജയിച്ചു, അമേരിക്കന്‍ പ്രസിഡന്റിനെ എങ്ങനെ ഇംപീച്ച്‌ ചെയ്യാം തുടങ്ങിയ ചോദ്യങ്ങളാണ് ട്രംപിന്റെ വിജയദിനത്തില്‍ ഗൂഗിളിനോട് അമേരിക്കക്കാര്‍ കൂടുതല്‍ ചോദിച്ചത്. ‘ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല’ എന്നുറക്കെ പ്രഖ്യാപിച്ച്‌ തെരുവിലിറങ്ങുന്നവര്‍ പുതിയ പ്രസിഡന്റിനെ എത്രമേല്‍ വെറുക്കുന്നു എന്നതിന്റെ തെളിവുകളാണ് ഇവയെല്ലാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *