മോദിക്ക് ധൈര്യമുണ്ടെങ്കില്‍ സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തൂ: ശിവസേന


അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. മോദിക്കു ധൈര്യമുണ്ടെങ്കില്‍ സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണം. അവിടെയാണു കള്ളപ്പണമുള്ളത്. അതു തിരികെ കൊണ്ടുവരികയാണു വേണ്ടത്, അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല. പഴയ നോട്ടുകള്‍ മാറാനും എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കാനും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.
ജനങ്ങള്‍ നരേന്ദ്ര മോദിയെ അമിതമായി വിശ്വസിക്കുന്നുണ്ട്. അവരുടെ വിശ്വാസം തകര്‍ക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ജനങ്ങള്‍ താങ്കള്‍ക്കുമേലായിരിക്കും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുക.


അഴിമതിക്കെതിരെയാണു സര്‍ക്കാരിന്റെ നീക്കമെങ്കില്‍ അതിനൊപ്പം ഞങ്ങളെല്ലാം നില്‍ക്കും. എന്നാലതു സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുത്. പുതിയ നോട്ടുകള്‍ ആവശ്യത്തിനു ലഭ്യമാക്കാതെ എടുത്ത പുതിയ തീരുമാനം ജനങ്ങളെ പീഡിപ്പിക്കുന്നതിനു തുല്യമാണെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.
ചെയ്യുന്നതെന്താണെന്നു സര്‍ക്കാരിനു ബോധ്യമുണ്ടോ? ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ചു സര്‍ക്കാര്‍ മനസ്സിലാക്കണം. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം. പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.




Sharing is Caring