ടോം ജോസിനെതിരെ നടപടിക്ക് ശുപാര്‍ശ: എജിയുടെ ഉപദേശം തേടും


ചവറ കെഎംഎംഎല്‍ മഗ്നീഷ്യം അഴിമതിക്കേസില്‍ അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടും. ടോം ജോസ് ചീഫ്‌സെക്രട്ടറിക്ക് നല്‍കിയ കത്തിലെ വിശദീകരണം കൂടി കണക്കിലെടുത്താണ് നടപടി. തത്കാലം കര്‍ശന നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.


ടോം ജോസിനെ കൂടാതെ അഞ്ച് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ജേക്കബ് തോമസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. നടപടി തേടിയുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അഡീഷണല്‍ ചീഫ്‌സെക്രട്ടറി നളിനി നെറ്റോക്ക് കൈമാറി.


ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. ഇതില്‍ ചിലര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. 2012-14 കാലയളവില്‍ ടോം ജോസ് കെഎംഎംഎല്‍ എംഡിയായിരിക്കെ മഗ്നീഷ്യം ഇടപാട് നടത്തി സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രാദേശിക വിപണിയില്‍ നിന്ന് മഗ്നീഷ്യം ടണ്ണിന് 1.87 കോടി രൂപയ്ക്ക് ലഭിക്കുമായിരുന്നു. ഇതൊഴിവാക്കി ആഗോള ടെന്‍ഡര്‍ വിളിച്ച് വിദേശത്തു നിന്ന് ടണ്ണിന് 2.62 കോടിരൂപ വച്ച് 162 ടണ്‍ മഗ്നീഷ്യം ഇറക്കുമതി ചെയ്‌തെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.



Sharing is Caring