ടൈറ്റാനിയം ഉത്പാദനം നിറുത്തി, പ്ലാന്റുകള്‍ അടച്ചുപൂട്ടി

ട്രാവൻകൂർ ടൈറ്റാനിയത്തിലെ ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദന പ്ലാന്റ് പ്രവ‌ർത്തനം അവസാനിപ്പിച്ചു. നിത്യേനെ എട്ടും പത്തും റിയാക്‌ഷൻ നടത്തിയിരുന്ന പ്ലാന്റാണ് പൂട്ടിയത്. ചെറിയ അറ്റകുറ്രപ്പണികൾ നടത്തുന്നതൊഴിച്ചാൽ മൂന്നു ഷിഫ്‌റ്രുകളിലായി തൊഴിലാളികൾ ജോലിയില്ലാതെ വെറുതെയിരിക്കുകയാണ്. കഴിഞ്ഞ വർഷം എട്ടരക്കോടി ലാഭം നേടി വൻകുതിപ്പ് നടത്തിയ കമ്പനിയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അടച്ചുപൂട്ടൽ ഉത്തരവിനെത്തുടർന്ന് പ്രതിസന്ധിയിലായത്. ശമ്പളവും പെൻഷനുംനൽകാൻ രണ്ടുകോടി രൂപയാണ് മാസംതോറും വേണ്ടത്.
ഉത്പാദനം വർദ്ധിപ്പിച്ചും പുതിയ വിപണികൾ കണ്ടെത്തിയും ഇക്കൊല്ലം 28 കോടി ലാഭമുണ്ടാക്കാനാണ് ടൈറ്റാനിയം അധികൃതർ പദ്ധതിയിട്ടിരുന്നത്. മാർക്കറ്റിംഗ് വിഭാഗത്തിന്റെ പ്രവർത്തനഫലമായി കഴിഞ്ഞ രണ്ടുമാസം കൊണ്ട് 2200 ടണ്ണിലേറെ ടൈറ്റാനിയം ഡയോക്സൈഡ് വിറ്റഴിച്ചു. നിത്യേനെ ഉത്പാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം ഡയോക്സൈഡ് അന്നന്നു തന്നെ വിറ്റുപോവുന്ന രീതിയിൽ നില മെച്ചപ്പെടുത്തിയ അവസരത്തിലാണ് ടൈറ്റാനിയത്തിന് താഴു വീഴുന്നത്. ഉത്പാദനം നിറുത്തിയതോടെ കമ്പനി അടച്ചിടേണ്ട സ്ഥിതിയിലായി. ടൈറ്റാനിയം ഡയോക്സൈഡ് വില്പനയ്ക്കായി ശേഷിച്ചിട്ടുമില്ല. എട്ട് ടാങ്കുകളിലായി പത്ത് റിയാക്‌ഷനുകളാണ് ദിവസേന നടത്തിയിരുന്നത്. പ്ലാന്റ് മാനേജർക്കും രണ്ട് അസി. പ്ലാന്റ് മാനേജർമാർക്കും പുറമേ നാല് സൂപ്പർവൈസർമാർ, 4വർക്കർമാർ, 27ഹെൽപ്പർമാർ എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളിലായി ജീവനക്കാർ വെറുതെയിരിക്കുകയാണ്. ഇതിനുപുറമേ ഫിറ്റർമാർക്കും ഇലക്ട്രീഷ്യന്മാർക്കും പണിയില്ലാതായി.
ടൈറ്റാനിയം മലിനജലം കടലിലേക്കൊഴുക്കുന്നതിനാൽ 200 മീറ്റർ ചുറ്റളവിൽ സൾഫ്യൂരിക്കാസിഡ് കലർന്നതായി നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫി 1980 ൽ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മലിനജലസംസ്കരണത്തിന് 256കോടി ചെലവിൽ കൊണ്ടുവന്ന പദ്ധതിയാണ് ഇപ്പോൾ ടൈറ്റാനിയത്തിന്റെ അടച്ചുപൂട്ടലിന് വഴിവച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ബംഗളൂരു മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥർ ഏപ്രിൽ 28ന് ടൈറ്റാനിയത്തിൽ പരിശോധന നടത്തിയിരുന്നു. പ്ലാന്റിൽ നിന്നുള്ള മാലിന്യങ്ങൾ അവിടവിടെയായി കൂട്ടിയിട്ടിരിക്കുകയാണെന്നും മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കാൻ യാതൊരു സംവിധാനവുമില്ലെന്നും മലിനജലം കടലിലേയ്ക്ക് ഒഴുക്കിവിടുകയാണെന്നും കേന്ദ്രബോർഡിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ന്യൂട്രലൈസേഷൻ പ്ലാന്റിന്റെ പ്രവർത്തനം 80ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പക്ഷേ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ സാങ്കേതിക തടസങ്ങളേറെയാണ്. പ്ലാന്റിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്തു നശിച്ചു. പത്തുവർഷം മുൻപ് സ്ഥാപിച്ച പ്ലാന്റിന്റെ പല സ്പെയർ പാർട്സുകളും ഇപ്പോൾ കിട്ടാനില്ല. ഉള്ളതിന് വലിയ വിലയുമാണ്. പ്ലാന്റ് അറ്റകുറ്റപ്പണിക്ക് തന്നെ വൻതുക ചെലവുണ്ടാവും. പ്ലാന്റിന് സാങ്കേതികസഹായം നൽകിയിരുന്ന വി.എടെക് ഇപ്പോൾ കമ്പനിയുമായി സഹകരിക്കുന്നുമില്ല.
അടച്ചുപൂട്ടൽ ഉത്തരവിനെതിരെ തൊഴിലാളികൾ നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിൽ അപ്പീൽ നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കമ്പനി അധികൃതരും ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

ഏഴുവർഷം ഉറങ്ങി ഇപ്പോൾ നെട്ടോട്ടം
ട്രാവൻകൂർ ടൈറ്റാനിയത്തിലെ മലീനീകരണ നിയന്ത്രണ പ്ലാന്റ് പൂർത്തീകരിക്കാൻ 2010 ജൂലായ് ഒന്നുവരെയാണ് ഹൈക്കോടതി സാവകാശം അനുവദിച്ചിരുന്നത്. അതിനുശേഷം കൂടുതൽ സാവകാശം തേടുകയോ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഈ ഏഴുവർഷക്കാലവും കേന്ദ്രമലീനീകരണ നിയന്ത്രണബോർഡ് ഇടപെട്ടിരുന്നില്ല. നിലവിലുള്ള എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ശ്രമമുണ്ടായില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി മേയ് 22ന് തീർന്നിട്ടും പുതുക്കിയെടുക്കാൻ ഒരു നടപടിയുമെടുത്തുമില്ല.

44 ലക്ഷം നഷ്ടപരിഹാരം തേടി കേസ്
മലിനീകരണ നിയന്ത്രണ പ്ലാന്റിന്റെ കരാറെടുത്ത കേന്ദ്രപൊതുമേഖലാ സ്ഥാപനമായ മെക്കോൺ ചെന്നൈയിലെ വിഎ-ടെക്ക് എന്ന സ്വകാര്യകമ്പനിക്ക് ഉപകരാർ നൽകി. ഉപകരാറെടുത്ത ചെന്നൈകമ്പനി വിഎ ടെക്കിന് 2006 മാർച്ച് 31 ന് 32.08 കോ­ടി രൂപ മുൻ­കൂ­റാ­യി നൽ­കി. മലിനീകരണനിയന്ത്രണ പദ്ധതിയുടെ കൺസൾട്ടൻസി ചാർജിനത്തിൽ 5.56 കോടിയും തിടുക്കത്തിൽ അനുവദിച്ചു. പദ്ധതിക്ക് തറക്കല്ലിടുന്നതിന് മുൻപാണ് ഇത്രയും തുക അനുവദിച്ചത്. ഉപകരാറെടുത്ത വി.എ-ടെക്ക് 44ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടൈറ്റാനിയത്തിനെതിരെ തർക്കപരിഹാര ട്രൈബ്യൂണലിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *