ടി എ റസാക്കിന് സര്‍ക്കാരിന്റെ ചികിത്സാ സഹായം അനുവദിച്ചു

വൃക്കസംബന്ധമായ ചികിത്സയ്ക്കായി ചലച്ചിത്ര സംവിധായകനും പ്രശസ്ത തിരക്കഥാകൃത്തുമായ ടി എ റസ്സാക്കിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. ഇത് കൂടാതെ കാസര്‍ഗോഡ് മുങ്ങിമരിച്ച രാജശ്രീ, ജയശ്രീ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചു.

മണ്ണിടിച്ചിലില്‍ മരിച്ച ഇടുക്കി കട്ടപ്പന സൌത്ത് കിഴക്കേപ്പറമ്പില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജോബി ജോണിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കുടിവെള്ള പദ്ധതിയുടെ ജലസംഭരണി മറിഞ്ഞ് വീണ് കൊട്ടാരക്കര പവിത്രേശ്വരം, കൈതക്കോട് വേലംപൊയ്ക ഷിബു ഭവനില്‍ ആഞ്ചലോസിന്‍റെ മകന്‍ അഭി (8 വയസ്സ്) മരണമടഞ്ഞിരുന്നു. ആഞ്ചലോസിന്‍റെ ഭാര്യ ബീനയ്ക്കും മകള്‍ സ്നേഹയ്ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഈ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

വൃക്ക സംബന്ധമായ അസുഖം ബാധിച്ച നെയ്യാറ്റിന്‍കര പള്ളിച്ചല്‍ ഇടയ്ക്കോട് തുണ്ടുവിളാകത്ത് വീട്ടില്‍ എസ്. രവീന്ദ്രന്‍ നായര്‍ക്ക് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ചു. തമിഴ്നാട്ടിലെ വള്ളിയൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നര വയസ്സുകാരന്‍ അരിന്‍ ബിജുവിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കൊല്ലം മുദാക്കര ബിന്ദു സദനത്തില്‍ ബിജുവിന്റെ മകനാണ്. ക്യാന്‍സര്‍ ബാധിച്ച, ആലപ്പുഴ കുട്ടനാട് വെളിയനാട് കിടങ്ങറ വാവ ഭവനില്‍ എം വി രാജുവിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *