ടാഗോര്‍ നോബല്‍ സമ്മാനം തിരിച്ച്‌ നല്‍കിയത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി;ബി.ജെ.പിയെ വെട്ടിലാക്കി ത്രിപുര മുഖ്യമന്ത്രി


അഗര്‍ത്തല: തനിക്ക് കിട്ടിയ നോബല്‍ സമ്മാനം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്രനാഥ് ടാഗോര്‍ തിരിച്ച്‌ നല്‍കിയിരുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. ടാഗോറിന്റെ ജന്മജയന്തി ദിനത്തില്‍ ഉദയ്‌പൂരില്‍ നടത്തിയ പ്രസംഗത്തിലാണ് ബിപ്ലവ് തന്റെ പുതിയ കണ്ടെത്തല്‍ അവതരിപ്പിച്ചത്. 1913ല്‍ സാഹിത്യത്തിന് ലഭിച്ച നോബല്‍ സമ്മാനം സ്വീകരിച്ച ടാഗോര്‍, എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ ബഹുമതി ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്‌ നിരസിച്ചിരുന്നു. ഈ സംഭവമാണ് ബിപ്ലവ് തെറ്റായി പരാമര്‍ശിച്ചത്.


സ്ഥാനമേറ്റെടുത്തത് മുതല്‍ വിവാദ പ്രസ്‌താവന തുടരുന്ന ബിപ്ലവിന്റെ പുതിയ പരാമര്‍ശവും ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്. പുരാണ കാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നെന്നും മുന്‍ ലോക സുന്ദരി ഡയാന ഹെയ്ഡന് സൗന്ദര്യം ഇല്ലെന്ന് പറഞ്ഞതും ബിപ്ലവിനെ നേരത്തെ തന്നെ കുപ്രസിദ്ധിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ സിവില്‍ സര്‍‌വീസ് പരീക്ഷയില്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍മാരല്ല, സിവില്‍ എഞ്ചിനിയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന പാര്‍ട്ടിയില്‍ തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപ്ലവിനെ വിളിച്ച്‌ വരുത്തി ശാസിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.




Sharing is Caring