കര്‍ണാടകയിലെ തിബത്തന്‍ അഭയാര്‍ഥികള്‍ നാളെ വോട്ട് ചെയ്യില്ല

മംഗളൂരു: കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വവും കര്‍ണാടക സര്‍ക്കാര്‍ ഭൂമി അവകാശവും നല്‍കാന്‍ സന്നദ്ധമായിട്ടും ബൈലെകുപ്പ തിബത്തന്‍ കോളനിയിലെ അഭയാര്‍ഥികള്‍ നാളെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പു ബൂത്തുകളില്‍ നിന്ന് വഴിമാറി നടക്കും.11037 അഭയാര്‍ഥികളില്‍ ആരും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനായി അധികൃതരെ സമീപിച്ചിട്ടില്ല. 2014ല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഇവര്‍ക്ക് പൗരത്വം സ്വീകരിച്ച്‌ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവാം.

മൈസൂരു ജില്ലയിലെ ബൈലെകുപ്പയും ഗുരുപുരയും ചേര്‍ന്നാല്‍ അഭയാര്‍ഥികളുടെ എണ്ണം 17500. പൗരത്വം തേടി ഒറ്റ അപേക്ഷയും ലഭിച്ചില്ലെന്ന് മേഖലയിലെ മുഴുവന്‍ കോളനികളുടേയും റവന്യൂ ആസ്ഥാനമായ പെരിയപട്ടണം താലൂക്ക് അധികൃതര്‍ പറഞ്ഞു. പൗരത്വമില്ലാതെ പിന്നെന്ത് വോട്ടവകാശം?

പൗരത്വനിരാകരണത്തിന് പ്രധാനമായി മൂന്ന് കാരണങ്ങളാണെന്ന് തിബത്തന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. രേഖകള്‍ ഹാജരാക്കാനുള്ള കടമ്പകള്‍, പൗരന്മാരും അല്ലാത്തവരുമായി വേര്‍പെട്ട് കോളനിയിലെ സൗകര്യങ്ങളില്‍ നിന്ന് ഒരുകൂട്ടര്‍ പിരിഞ്ഞുപോവേണ്ടിവരുന്ന അവസ്ഥ, ആത്യന്തികമായി ലക്ഷ്യമിടുന്ന തിബത്തിന് സ്വാതന്ത്ര്യം എന്ന ഏകതാബോധം കൈവിട്ടുപോവുമെന്ന ആശങ്ക-ഇതാണ് പ്രശ്നം.

അഭയാര്‍ഥികളായി 1959ല്‍ ഇന്ത്യയിലെത്തിയ തിബത്തന്‍ വംശജര്‍ 1961ല്‍ കര്‍ണാടകയിലെ നിജലിംഗപ്പ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് താമസിക്കുന്നത്. ചോളവും മറ്റും കൃഷിചെയ്തും കരകൗശലവസ്തുനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടും പുതപ്പുകള്‍ വിറ്റും അവര്‍ ജീവിക്കുന്നു. പിന്‍തലമുറ കര്‍ണാടകയുടെ ഭാഗമായി തൊഴിലും തേടുന്നു.ആരോഗ്യ,വിദ്യാഭ്യാസ,അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമെങ്കിലും അഭയാര്‍ഥികള്‍ അനുഭവിക്കുന്നു.

ഹിമാചല്‍ പ്രദേശിന്റെ ചുവടുപിടിച്ച്‌ സിദ്ധാരാമയ്യ സര്‍ക്കാര്‍ 2014ല്‍ കൊണ്ടുവന്ന തിബത്തന്‍ അഭയാര്‍ത്ഥി നിയമ ഭേദഗതിയോടെ ബൈലെകുപ്പ കോളനി നിവാസികളും ഭൂഅവകാശികളാണ്. ക്രയവിക്രയം നടത്താനോ പണയം വെക്കാനോ പാടില്ലെന്ന നിബന്ധനയോടെ കൈവശഭൂമി പതിച്ചുനല്‍കി. ഇരട്ട സന്തോഷത്തോടെ അവര്‍ പോളിംഗ്ബൂത്തുകളിലെത്തുമെന്ന പ്രതീക്ഷ പുലരാതെയാണ് നാളെ പ്രഭാതം ഉദിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *