ടാക്‌സിയില്‍ 19കാരിയെ ബലാത്സംഗം ചെയ്തു; ഡ്രൈവറും സഹയാത്രികനും അറസ്റ്റില്‍


ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ബലാത്സംഗം ചെയ്തു. ടാക്‌സി ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.


ഗുരുഗ്രാം ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. യുവതിയെ മെട്രോ സ്‌റ്റേഷന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടി ഗുരുഗ്രാമിലെ മാളിലാണ് ജോലിചെയ്യുന്നത്. ജോലി കഴിഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം.


സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ,

‘ശങ്കര്‍ ചൗക്കില്‍ നിന്നാണ് ടാക്‌സി വിളിക്കുന്നത്.താന്‍ കയറുമ്പോള്‍ മൂന്നുപേരുണ്ടായിരുന്നു ടാക്‌സിയില്‍. രാജോക്രിയില്‍ ഒരാള്‍ ഇറങ്ങി.ഉത്തം നഗര്‍ സ്റ്റേഷനിലായിരുന്നു തന്നെ ഇറക്കേണ്ടിയിരുന്നത്. പക്ഷെ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്‌സി ഓടിച്ച് ഉപദ്രവിക്കുകയായിരുന്നു, പിന്നീട് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ചു’,

ടാക്‌സിയുടെ നമ്പറിന്റെ ഏതാനും അക്കങ്ങള്‍ പെണ്‍കുട്ടിക്ക് ഓര്‍മ്മയുണ്ടായിരുന്നു. കുറ്റവാളികളെ കുറിച്ചുള്ള വിവരണത്തില്‍ നിന്ന് പൊലിസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.



Sharing is Caring