‘ഞങ്ങളോട് ആരും അനുമതി ചോദിച്ചിട്ടില്ല’; മോദിയുടെ പ്രസംഗം ലൈവ് ടെലകാസ്റ്റ് വേണ്ടെന്ന് മമത സര്‍ക്കാര്‍

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും കൊമ്പുകോര്‍ക്കുന്നു. സ്വാമി വിവേകാനന്ദയുടെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികദിനത്തില്‍ മോദി നടത്തുന്ന പ്രസംഗം ലൈവായി കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം അപ്പാടെ തള്ളിയിരിക്കുകയാണ് മമതാ സര്‍ക്കാര്‍. പ്രസംഗം പ്രദര്‍ശിപ്പിക്കണമെന്ന യു.ജി.സിയുടെ നിര്‍ദേശം തള്ളണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

”സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന് ഇതു ചെയ്യാനാവില്ല”- ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത ചാറ്റര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

”ഇതു ഞങ്ങള്‍ക്കു സ്വീകാര്യമല്ല, ഇത് വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണമാണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി മനസ്സിലാവുകയാണ്. ഇപ്പോള്‍ വന്നിരിക്കുന്ന യു.ജി.സി സര്‍ക്കുലര്‍ കോളജുകളെയും യൂനിവേഴ്‌സിറ്റികളെയും അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ്. അപ്പോള്‍ അവര്‍ ഞങ്ങളെ സമീപിച്ചു. യു.ജി.സിയുടെ നിര്‍ദേശം അനുസരിക്കേണ്ടതില്ലെന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്”- മന്ത്രി പറഞ്ഞു.

40,000 സ്ഥാപനങ്ങളില്‍ മോദിയുടെ പ്രസംഗം ലൈവായി ടെലകാസ്റ്റ് ചെയ്യണമെന്നാണ് യു.ജി.സിയുടെ സര്‍ക്കുലര്‍. നേരത്തെ, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും പശ്ചിമബംഗാള്‍ അംഗീകരിച്ചിരുന്നില്ല. നിര്‍ദ്ദിഷ്ട രീതിയില്‍ സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തില്ലെന്ന് അന്ന് മമതാ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *