ജോലിഭാരം: കീഴുദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്താല്‍ മേലുദ്യോഗസ്ഥന്‍ കുറ്റക്കാരനാകില്ല -സുപ്രീം കോടതി

ന്യൂഡല്‍ഹി: അമിതമായ ജോലിഭാരത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്താല്‍ മേലുദ്യോഗസ്ഥനെ കുറ്റക്കാരനായി കാണാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ജീവനക്കാരനെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയോ അല്ലെങ്കില്‍ ക്രിമിനല്‍ മനസോട് കൂടിയോ അല്ല മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥനെ ജോലി ഏല്‍പിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റില്‍ മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആത്മഹത്യ ചെയ്തിരുന്നു. മേലുദ്യോഗസ്ഥന്റെ പീ‌ഡനമാണ് ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് മേലുദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി.

ഹൈക്കോടതിയുടെ വിധിയെ ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതാണെന്ന് സുപ്രീം കോടതി ജസ്‌റ്റിസുമാരായ അരുണ്‍ മിശ്ര, യു.യു.ലളിത് എന്നിവര്‍ ചൂണ്ടിക്കാട്ടി. മേലുദ്യോഗസ്ഥന്‍ മനപൂര്‍വം ഇത്തരമൊരു സാഹചര്യം സ‌ൃഷ്ടിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 306 അനുസരിച്ച്‌ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താം. എന്നാല്‍, ഈ കേസില്‍ ആ വകുപ്പ് ചുമത്താന്‍ പര്യാപ്തമായ തെളിവുകളോ വസ്തുകളോ ഒന്നും തന്നെയില്ല. അതിനാല്‍ തന്നെ മേലുദ്യോഗസ്ഥനെതിരെയുള്ള എഫ്.ഐ.ആര്‍ നിലനില്‍ക്കുന്നതല്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *