സെൻട്രല്‍ ജോഹന്നാസ്ബര്‍ഗിലെ അഞ്ച് നില കെട്ടിടത്തിലുണ്ടായ തീപിടിത്തതില്‍ 60ലധികം പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.ദക്ഷിണാഫ്രിക്കൻ നഗരത്തിലെ എമര്‍ജൻസി സര്‍വീസാണ് അപകടവിവരം അറിയിച്ചത്. 43 പേര്‍ക്ക് പരിക്കുപറ്റി.
പത്തിലേറെ കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തിച്ചെന്ന് എമര്‍ജൻസി മാനേജ്മെന്റ് സര്‍വീസസ് വക്താവ് റോബര്‍ട്ട് മുലൗദ്സി പറഞ്ഞു.

സംഭവസ്ഥലത്ത് എത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീയണച്ചു. തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ തുടരുകയാണെന്ന് സംഭവസ്ഥലത്തെ എഎഫ്പി റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ കാരണം വ്യക്തമായിട്ടില്ല.
നിയമവിരുദ്ധമായി ആളുകള്‍ താമസിച്ച കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും തീപിടിത്തമുണ്ടായപ്പോള്‍ ആളുകള്‍ അകത്ത് കുടുങ്ങിയിരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.നഗരമധ്യത്തില്‍ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ അനധികൃതമായി കൈവശം വയ്ക്കുന്നത് വ്യാപകമാണെന്നും പലതും താമസക്കാരില്നിന്നുംന്ന് വാടക ഈടാക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.













