ജെ.ഡി.യുവില്‍ ഭിന്നത: ശരദ് യാദവ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു


അപ്രതീക്ഷിത നീക്കത്തിലൂടെ മുന്നണിമാറി, വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന്റെ നടപടിക്കെതിരെ ജെ.ഡി.യുവില്‍ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ആര്‍.ജെ.ഡി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായി കൂട്ടുകൂടാനുള്ള നിതീഷിന്റെ തീരുമാനത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് യാദവിന് എതിര്‍പ്പുള്ളതായാണ് റിപ്പോര്‍ട്ട്.
തന്നെ അനുകൂലിക്കുന്ന നേതാക്കളുടേയും എം.പിമാരുടെയും അടിയന്തര യോഗം ഡല്‍ഹിയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശരദ് യാദവ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ ജെ.ഡി.യു കേരള ഘടകത്തിന്റെ അദ്ധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറും പങ്കെടുക്കുമെന്ന് അറിയിച്ചു.


രാജി പ്രഖ്യാപനവും, തുടര്‍ന്ന് ബി.ജെ.പി പിന്തുണ സ്വീകരിച്ചതും ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ നീക്കങ്ങളും നിതീഷ്, പാര്‍ട്ടി അദ്ധ്യക്ഷനെ അറിയിച്ചിട്ടില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും ശരദ് യാദവ് വിട്ടു നില്‍ക്കുകയും, നിതീഷ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനുമിരിക്കുന്ന പശ്ചാത്തലത്തില്‍, ശരദ് യാദവിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്.




Sharing is Caring