ജെ.എന്‍.യു വിവാദം: വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി. തീരുമാനം


ജെ.എന്‍.യു. വിവാദത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി. തീരുമാനം.ജെ.എന്‍.യു. സംഭവങ്ങളെ ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്‌നമായി അവതരിപ്പിക്കാനും പ്രതിപക്ഷ പ്രചാരണത്തെ ശക്തമായി നേരിടാനുമാണ് പാര്‍ട്ടി തന്ത്രം ആവിഷ്‌കരിക്കുന്നത്.ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ മൂന്നുദിവസം പാര്‍ട്ടി രാജ്യവ്യാപക പ്രചാരണം നടത്തും. ജനങ്ങളുടെ ആത്മാഭിമാനത്തിനായുള്ള പ്രചാരണം(ജന്‍ സ്വാഭിമാന്‍ അഭിയാന്‍) എന്ന പേരിലാണ് പ്രചാരണം.പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലും ജെ.എന്‍.യു. വിഷയത്തില്‍ ശക്തമായ നിലപാട് പാര്‍ട്ടി സ്വീകരിക്കും. ഇക്കാര്യത്തില്‍ പ്രതിരോധത്തിലേക്ക് പോകേണ്ട കാര്യമില്ലെന്ന് ഉന്നത പാര്‍ട്ടി നേതാക്കള്‍ പറയുന്നു. ജെ.എന്‍.യു. വിവാദത്തെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ വെല്ലുവിളിയായി ചിത്രീകരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഇത്തരമൊരു നീക്കത്തിലൂടെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ ഈ വിഷയത്തില്‍ പ്രതിരോധത്തിലാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.




Sharing is Caring