ജെല്ലിക്കെട്ട് നിരോധിച്ച സുപ്രിംകോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി

ജെല്ലിക്കെട്ട് നിരോധിച്ച സുപ്രിംകോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ കണ്ടത്. ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യമാണെന്ന് അറിയാമെങ്കിലും വിഷയത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് നരേന്ദ്രമോദി അറിയിച്ചു. കേന്ദ്രം തുടര്‍ച്ചയായി ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെതിരേ രാഷ്ട്രപതി അടുത്തിടെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കുമെന്ന് പ്രധാനമന്ത്രിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ നേരത്തേ ശ്രമം നടന്നിരുന്നെങ്കിലും മൃഗസ്‌നേഹികളുടെ സംഘടനയായ’പെറ്റ’ നല്‍കിയ ഹരജിയെ തുടര്‍ന്ന് സുപ്രിംകോടതി തടയുകയായിരുന്നു. കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രി അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പട്ടാളി മക്കള്‍ കക്ഷി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അന്‍പുമണി രാംദാസ് എം.പി ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലിസെത്തി അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ, ജെല്ലിക്കെട്ടിനായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ കണക്കിലെടുക്കണമെന്ന ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജി പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചത്. നിങ്ങള്‍ കീഴ്‌ക്കോടതിയില്‍ പോകൂ, എല്ലാ വിഷയത്തിനും എന്തിനാണ് സുപ്രിംകോടതിയിലേക്ക് വരുന്നത്- ചീഫ് ജസ്റ്റിസ് ചോദിച്ചു.
അതേസമയം, ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമായി. നിരോധനം നീക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് വിവിധ തൊഴിലാളി യൂനിയനുകള്‍ ഇന്ന് തമിഴ്‌നാട്ടില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ട്രെയിനുകള്‍ തടയുമെന്ന് ഡി.എം.കെയും അറിയിച്ചു. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറീന ബീച്ച് ഉള്‍പ്പെടെ തമിഴ്‌നാടിന്റെ പലഭാഗത്തുമായി നടക്കുന്ന പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.
സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ് തുടങ്ങിയവര്‍ ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനൊപ്പമെത്തിയത് പ്രതിഷേധക്കാര്‍ക്ക് ആവേശമായിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് ചെന്നൈയില്‍ ഇന്ന് ഏകദിന ഉപവാസമനുഷ്ഠിക്കുമെന്ന് റഹ്മാന്‍ അറിയിച്ചിട്ടുണ്ട്. തമിഴ് സംസ്‌കാരത്തിന്റെ പ്രതീകമായ ജെല്ലിക്കെട്ട് നിരോധിക്കാന്‍ പാടില്ലെന്ന് വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. അഭിഭാഷകരും ബസ്, ടാക്‌സി ജീവനക്കാരും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *