ന്യൂയോര്‍ക്ക്: മുന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ സഹോദരി ജീന്‍ കെന്നഡി സ്മിത്ത്(92) അന്തരിച്ചു. തൊണ്ണൂറുകളില്‍ അയര്‍ലന്‍ഡിലെ യുഎസ് അംബാസഡറായിരുന്നു. ഭര്‍ത്താവ് സ്റ്റീഫന്‍ ഇ. സ്മിത്ത് 1990ല്‍ അന്തരിച്ചു. രണ്ടു പെണ്മക്കളുണ്ട്.
ജീനിന്റെ മരണത്തോടെ കെന്നഡി സഹോദരങ്ങളിലെ അവസാന കണ്ണിയും ഇല്ലാതായി. ജോസഫ് -റോസ് കെന്നഡി ദന്പതികളുടെ ഒന്‍പതു മക്കളില്‍ എട്ടാമത്തേതായിരുന്നു ജീന്‍. കെന്നഡി സഹോദരങ്ങളില്‍ ഭൂരിഭാഗവും യുഎസിലെ ഉന്നത പദവികളിലെത്തിയെങ്കിലും അകാലത്തില്‍ മരിച്ചു. യുഎസിലെ 35ാമതു പ്രസിഡന്റായ ജോണ്‍ എഫ്. കെന്നഡി 1963ല്‍ വധിക്കപ്പെട്ടു. ഈ മരണം ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി കരുതപ്പെടുന്നു. മറ്റൊരു സഹോദരനും സെനറ്ററുമായ റോബര്‍ട്ടും വധിക്കപ്പെടുകയായിരുന്നു.