ജി.എസ്.ടി.നിരക്കും തീവണ്ടിയാത്രക്കൂലിയും കൂട്ടിയേക്കും

ന്യൂഡല്‍ഹി: രാജ്യംനേരിടുന്ന സാമ്ബത്തികപ്രതിസന്ധിയും വളര്‍ച്ചമുരടിപ്പും മറികടക്കാന്‍ എങ്ങനെയും പണം സ്വരൂപിക്കാനുള്ള ആലോചനയിലാണു കേന്ദ്രം. ചരക്ക്-സേവനനികുതി ഉള്‍പ്പെടെ സാധ്യമായ മേഖലകളില്‍ വര്‍ധനയും നിരക്കുകൂട്ടലും ആണ് ആലോചനയിലുള്ളത്.

റെയില്‍വേയുടെ പ്രവര്‍ത്താനുപാതം വന്‍തോതില്‍ കുറഞ്ഞുവെന്നും ആഭ്യന്തരവരുമാനം കൂട്ടാന്‍ അടിയന്തര നടപടികളെടുക്കണമെന്നും സി.എ.ജി. റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍, ഉടന്‍തന്നെ യാത്രക്കൂലി കൂട്ടിയേക്കുമെന്നും സൂചനയുണ്ട്. അതിനുപിറകെയാണ് ജി.എസ്.ടി. നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള പുതിയനിര്‍ദേശത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് സെസ് ചുമത്താനുള്ള നിര്‍ദേശം ജി.എസ്.ടി. കൗണ്‍സിലിന്റെ ഉപസമിതി അധ്യക്ഷന്‍കൂടിയായ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശില്‍കുമാര്‍ മോദി ഈയിടെ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, സെസ് ചുമത്തിയതുകൊണ്ടുമാത്രം പ്രതിസന്ധി തീരില്ലെന്നും നിരക്കുകളുടെ പുനഃക്രമീകരണം വേണമെന്നുമാണ് ഉന്നതതലനിര്‍ദേശം. നിരക്കുവര്‍ധന സംസ്ഥാനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ജി.എസ്.ടി. കൗണ്‍സിലിനു മുമ്ബാകെ പുതിയ നിര്‍ദേശം ഉടന്‍ പരിഗണനയ്ക്കുവരും.

ജി.എസ്.ടി. വരുമാനം വര്‍ധിച്ചാലല്ലാതെ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാന്‍ കേന്ദ്രം തയ്യാറാവില്ലെന്നാണു സൂചന. നികുതിവരുമാനം 14ശതമാനത്തില്‍ കുറഞ്ഞാല്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്നാണു വ്യവസ്ഥ. ജി.എസ്.ടി. നിരക്കുകള്‍ കൂട്ടാനുള്ള നിര്‍ദേശം അംഗീകരിച്ചാല്‍ മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിലകൂടും.

2017-ല്‍ ജി.എസ്.ടി. നടപ്പാക്കിയതിനുശേഷം ഒട്ടേറെ സാമഗ്രികളുടെയും സേവനങ്ങളുടെയും നികുതി കുറച്ചിരുന്നു. അതുവഴി യഥാര്‍ഥത്തിലുള്ള നികുതി തുടക്കത്തില്‍ ലക്ഷ്യമിട്ട 14.4 ശതമാനത്തില്‍നിന്ന് 11.6 ശതമാനമായി കുറയുകയും വരുമാനത്തില്‍ രണ്ടുലക്ഷംകോടി രൂപയുടെ കുറവുണ്ടാവുകയും ചെയ്തു. ഇപ്പോള്‍ നിരക്കു കൂട്ടിയാല്‍ ഒരുലക്ഷം കോടി രൂപയുടെ വരുമാനം നേടാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

നിരക്കു കൂട്ടാനുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ:

1. അഞ്ചുശതമാനം നികുതിസ്ലാബ് എടുത്തുകളയുക. ആ സ്ലാബിലുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 9മുതല്‍ 10വരെ ശതമാനം നികുതിചുമത്തുക.

2. 12 ശതമാനം നികുതിനിരക്കുള്ള എല്ലാ ഉത്പന്നങ്ങളെയും സേവനങ്ങളെയും 18 ശതമാനം നിരക്കിലേക്കു മാറ്റുക.

3. നികുതിയില്‍നിന്ന് ഒഴിവാക്കിയ ചില സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും നികുതി ചുമത്തുക. വിലകൂടിയ സ്വകാര്യ ആശുപത്രികളിലെ ചികിത്സ, 1000 രൂപയ്ക്കു താഴെ നിരക്കുള്ള ഹോട്ടലുകള്‍, ഉയര്‍ന്ന നിരക്കില്‍ കമ്ബനികള്‍ പാട്ടത്തിനെടുക്കുന്ന വീടുകള്‍, സംസ്കരിക്കാത്ത പട്ട്, പാല്‍ക്കട്ടി(പനീര്‍), ചെത്തുകള്ള് തുടങ്ങിയവ ഈ കൂട്ടത്തില്‍പ്പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *