കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനം അതിശയകരമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവാര്‍ഡുകള്‍ നഷ്ടപ്പെടുമെന്ന് പേടിച്ചാകാം ആരും മിണ്ടാത്തതെന്നും അദ്ദേഹം പറഞ്ഞു.
നാദാപുരത്തെ വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് ഓരോ രക്ഷിതാവും കുട്ടികളെ കോളേജില്‍ പറഞ്ഞുവിടുന്നത്. കഷ്ടപ്പെട്ട് പഠിക്കുന്നത് കുട്ടികളും. ഒരു ഭാഗത്ത് പണവും അതിന്റെ അഹങ്കാരവും അനീതി കാട്ടുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള സമരത്തിനൊപ്പം നില്‍ക്കുകയെന്നത് തന്റെ കടമയാണ്. ആ കടമയുടെ പേരിലാണ് താന്‍ അവിഷ്ണയെ കാണാന്‍ വന്നത്. കേസില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ സമരത്തിന്റെ ആവശ്യം ഉണ്ടാകില്ലായിരുന്നെന്നും ജോയ് മാത്യു പറഞ്ഞു.
മന്ത്രി എം.എം മണി മൈതാന പ്രസംഗം നടത്തുന്നയാളാണ്. അദ്ദേഹത്തിന്റെ ശരീരഭാഷയും രീതിയും അങ്ങനെയാണ്. മണിയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ട കാര്യമില്ല. മണിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാറില്ല. അത് കേള്‍ക്കുന്നത് സമയ നഷ്ടവും മാന നഷ്ടവുമാണ്. മണിയുടെ പരാമര്‍ശങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.













