മംഗളം ചാനല്‍ സിഇഒയെ കെയുഡബ്ല്യുജെയില്‍ നിന്നും പുറത്താക്കി


മംഗളം ചാനല്‍ സിഇഒ അജിത് കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ (കെയുഡബ്ല്യുജെ) നിന്നും പുറത്താക്കി.


മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഫോണ്‍കെണി സംഭവങ്ങളെ തുടര്‍ന്നാണ് അജിതിനെ യൂണിയനില്‍ നിന്ന് പുറത്താക്കിയത്. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.


ഫോണ്‍കെണി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കെ.ജയചന്ദ്രനില്‍നിന്നും വിശദീകരണം തേടാനും യൂണിയന്‍ തീരുമാനിച്ചു. മംഗളത്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച കൊച്ചിയിലെ മംഗളം മാധ്യമ പ്രവര്‍ത്തകന്‍ മിഥുന്‍ പുല്ലുവഴിയോടും വിശദീകരണം ആരായും.

മിഥുനെതിരെ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. മംഗളത്തിനെതിരേയും ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും നടക്കുന്ന പോലീസ് അതിക്രമങ്ങളെ യൂണിയന്‍ അപലപിച്ചു.



Sharing is Caring