ജിഷ്ണുവിനു വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കി നെഹ്‌റു കേളേജ്


ജിഷ്ണുവിന് വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്നു വിലക്കി പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റ്. ഹാജരും ഇന്റേണല്‍ മാര്‍ക്കും ഇല്ല എന്ന കാരണത്താല്‍ സമരത്തില്‍ പങ്കെടുത്ത 65 വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്നു മാനേജ്‌മെന്റ് വിലക്കി. ഇതു കൂടാതെ പുറത്താക്കിയ അധ്യാപകനേയും തിരിച്ചെടുത്തു. എഞ്ചിനിയറിംഗ് വിഭാഗം അധ്യാപകനായ ഇന്‍ഷാദിനെ ഓഫീസ് സ്റ്റാഫായാണു മാനേജ്‌മെന്റ് നിയമിച്ചിട്ടുള്ളത്.
ജൂണ്‍ മാസം അവസാനം പരീക്ഷ നടക്കാനിരിക്കെയാണു നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുന്നതില്‍ നിന്നു മാനേജ്‌മെന്റ് വിലക്കിയത്. ഒന്നാം വര്‍ഷക്കാരായ 65 വിദ്യാര്‍ത്ഥികള്‍ക്കും മതിയായ ഹാജരും ഇന്റേണല്‍ മാര്‍ക്കും ഇല്ല എന്ന കാരണത്താലാണു പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത് എന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഫാര്‍മസി കോളേജിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരേ നടപടി വ്യാപിപ്പിക്കുമെന്നും രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും സമാനമായ നടപടി നേരിടേണ്ടി വരും എന്നു പറയുന്നു.




Sharing is Caring