ജിഎസ്ടി കൗണ്‍സില്‍ ഇന്ന്; ഇളവുകള്‍ പ്രതീക്ഷിച്ച്‌ വ്യവസായ ലോകം

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരാനിരിക്കെ ചരക്ക് സേവന നികുതിയില്‍ ഇളവുകള്‍ പ്രതീക്ഷിച്ച്‌ വാണിജ്യ, വ്യവസായ ലോകം. ജിഎസ്ടി ശൃംഖലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തില്‍ നികുതി തിരികെ നല്‍കുന്നത് സംബന്ധിച്ച്‌ റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയയും ജിഎസ്ടി ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ബിഹാര്‍ ധനമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയും തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ഒരു മാസത്തില്‍ ഒരിക്കല്‍ എന്നുള്ളത് മൂന്ന് മാസത്തിലൊരിക്കല്‍ എന്നാക്കണമെന്ന് വ്യാപാരികളും വ്യവസായികളും ആവശ്യമുന്നയിച്ചിരുന്നു. അതേസമയം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രിയുടെ നിര്‍ദ്ദേശവും കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നേക്കും.
മൂന്നു മാസം കഴിഞ്ഞിട്ടും ചരക്ക് സേവന നികുതി നടപ്പിലാക്കിയതിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പുതിയ നികുതി സംവിധാനം രാജ്യത്തെ ചെറുകിട വാണിജ്യ വ്യവസായ മേഖലയിലുണ്ടാക്കിയ പ്രശ്നങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായേക്കും. ചെറുകിട മേഖലയ്ക്കുണ്ടായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഹരിക്കാന്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ രാജ്യത്തെ വാണിജ്യ വ്യാപാരസമൂഹം വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.
വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ കൂടികാഴ്ചയില്‍ ജിഎസ്ടി ചര്‍ച്ചയായി എന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *