അതിര്‍ത്തി കാക്കുന്ന ഭടന്‍മാര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന ജവാന്റെ ആരോപണം തെറ്റെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആഭ്യന്തരമന്ത്രാലയം. രാവിലെ ഒരു ചപ്പാത്തിയും ചായയും മാത്രമാണ് തങ്ങളുടെ
ഭക്ഷണമെന്ന് വെളിപ്പെടുത്തുന്ന വീഡിയോ

തേജ് ബഹാദൂര്‍ യാദവ് എന്ന ബി എസ് എഫ് ജവാന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ജമ്മുകശ്മീര്‍ അതിര്‍ത്തിയിലെ ഭടന്‍മാരുടെ ദയനീയ ജീവിതവും അദ്ദേഹം സെല്‍ഫി വീഡിയോയിലുടെ ലോകത്തോട് പറഞ്ഞിരുന്നു.
സംഭവം രാജ്യം മുഴുവന്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ആഭ്യന്തരമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് വ്യാഴാഴ്ച്ചയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്
ഇതിനോടകം 30 ലക്ഷം ആളുകള്‍ ജവാന്റെ വീഡിയോ കണ്ടു കഴിഞ്ഞു. സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ വലിയ ആയുധമായിരുന്നു ഈ വീഡിയോ. മദ്യാപാനിയും അനുസരണ ശീലമില്ലാത്തയാളുമാണ് വീഡിയോ പോസ്റ്റ് ചെയ്ത ജവാന്‍ എന്ന് ആരോപിച്ചായിരുന്നു സേന ഈ സംഭവത്തെ പ്രതിരോധിച്ചത്.
ജവാന്റെ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്ന് മറ്റ് സൈനികരും അര്‍ധസൈനികരും സമാനരീതിയില്‍ തങ്ങളുടെ പരിഭവങ്ങളും പരാതികളും വെളിപ്പെടുത്തുന്ന വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.













