ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ പുറത്തിറക്കിയ കലണ്ടറിലും ഡയറിയിലും ഗാന്ധിജിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര രംഗത്തിറങ്ങി. ഗാന്ധിജിക്ക് പകരമാകാന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കലണ്ടറും ഡയറിയും തിടുക്കപ്പെട്ട് തയ്യാറാക്കിയതുമൂലം ഉണ്ടായ പിഴവാകാം ഇതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപിതാവാണ് മഹാത്മാഗാന്ധി, ഖാദിയും ഗാന്ധിജിയും തമ്മിലുള്ള ബന്ധം ശക്തമാണ് – മന്ത്രി പറഞ്ഞു. ഗാന്ധിജിക്ക് പകരം മോദിയുടെ ചിത്രം ഡയറിയിലും കലണ്ടറിയും അച്ചടിച്ചതിനെതിരെ മുംബൈയില്‍ ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.

അതിനിടെ കലണ്ടറില്‍നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയതില്‍ അസ്വാഭാവികത ഇല്ലെന്ന വാദവുമായി കെ.വി.ഐ.സി ചെയര്‍മാന്‍ വിനയ് കുമാര്‍ സക്സേന രംഗത്തെത്തി. ഖാദി പ്രസ്ഥാനം മുഴുവന്‍ ഗാന്ധിജിയുടെ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹത്തെ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സക്സേന വ്യക്തമാക്കി.
മുമ്ബ് പലതവണ ഗാന്ധിജിയുടെ ചിത്രം കലണ്ടറില്‍നിന്നും ഡയറിയില്‍നിന്നും ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കലണ്ടറും ഡയറിയും വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രിക്കെതിരെ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.













