ജയലളിതയ്ക്ക് സമാധാന നൊബേല്‍ നല്‍കണമെന്ന് എ.ഐ.എ.ഡി.എം.കെ പ്രമേയം


ചെന്നൈ: തമിഴ്‌നാടിന്റെ പുലട്ചി തലൈവി ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരവും മാഗ്‌സസെ പുരസ്‌കാരവും സമ്മാനിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


ഇന്ന് ചേര്‍ന്ന അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 14 പ്രമേയങ്ങളാണ് പാസ്സാക്കിയത്.


അതില്‍ ഒന്ന് ജയലളിതയ്ക്ക് നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുന്ന പ്രമേയമായിരുന്നു.

ശശികലയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു പ്രമേയം അവതരിപ്പിച്ച യോഗത്തിലാണ് അമ്മയ്ക്ക് നൊബേലും മാഗ്‌സസേയും നല്‍കണമെന്ന് പാര്‍ട്ടി പ്രമേയം ഏകകണ്ഠമായി പാസാക്കിയത്.

ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ദേശീയ കര്‍ഷക ദിനമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

ചിന്നമ്മയെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കാനായിരുന്നു ഇന്ന് അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

അഞ്ച് വര്‍ഷം പാര്‍ട്ടി അംഗത്വമുള്ളവര്‍ക്കാണ് പാര്‍ട്ടി ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയവാനാവുക. ജയലളിത 2012 ലാണ് ശശികലയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. അത് കൊണ്ട് 2017 ലാണ് ശശികലക്ക് ജനറല്‍ സെക്രട്ടറിയാവാനാവുക. പുതിയ സെക്രട്ടറിയാവുന്നത് വരെ ഇടക്കാല സെക്രട്ടറിയായി ശശികലയെ പാര്‍ട്ടി കൗണ്‍സില്‍ തെരഞ്ഞെടുത്തു.

ഇന്നത്തെ യോഗത്തില്‍ ശശികല പങ്കെടുത്തിരുന്നില്ല.



Sharing is Caring