ജന്തര്‍മന്തറില്‍ പ്രതീകാത്മക കഴുത്തറുക്കല്‍ സമരത്തിനൊരുങ്ങി തമിഴ് കര്‍ഷകര്‍


ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതീകാത്മക കഴുത്തറുക്കല്‍ സമരത്തിനൊരുങ്ങി തമിഴ് കര്‍ഷകര്‍. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനത്തിലും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. സമരത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ച്‌ ഉറച്ച നിലപാടുമായി മുന്നോട്ട് പോകാനാണ് കര്‍ഷകരുടെ തീരുമാനം.


വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടായി 40,000 കോടി രൂപ, കടങ്ങള്‍ എഴുതി തള്ളുക, നദികളെ പരസ്പരം ബന്ധിപ്പിച്ച്‌ വരള്‍ച്ചക്ക് പരിഹാരം കാണുക. തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി ഇന്നലെ നടത്തിയ അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതീകാത്മകമായി കഴുത്തറുത്തുള്ള സമരം നടത്തുമെന്നാണ് കര്‍ഷകരുടെ ഭീഷണി.


ഒരുമാസമായി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി ജന്തര്‍മന്തരില്‍ കഴിയുന്ന കര്‍ഷകര്‍ തറയില്‍ വിളന്പിയ ചോറുകഴിച്ചാണ് ഇന്നലെ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നഗ്നരായി പ്രകടനവും നടത്തിയിരുന്നു.



Sharing is Caring