ജനുവരി ആറിനകം രാജ്യത്ത് കൊവിഡ് പ്രതിരോധ യജ്ഞത്തിന് തുടക്കം; കൊവിഷീല്‍ഡ് വാക്സിന് അനുമതി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ കൊവിഷീല്‍ഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് അനുമതി. വെള്ളിയാഴ്ച യോ​ഗംചേർന്ന സെൻട്രൽ ഡ്രഗ്‌സ്‌ സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിദഗ്‌ധസമിതിയാണ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ്‌‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ (ഡിസിജിഐ)യാണ്‌ അന്തിമ തീരുമാനം എടുക്കേണ്ടത്‌. ബുധനാ‍ഴ്ചയ്ക്ക് മുന്നെ കൊവിഡ് പ്രതിരോധ യജ്ഞത്തിന് തുടക്കമാകുമെന്നും പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നുമാണ് പ്രതീക്ഷ. വിദഗ്‌ധസമിതി യോഗം തുടരുകയാണെന്നും ഡ്രഗ്‌സ്‌ കൺട്രോളറാണ്‌ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം ട്വീറ്റ്‌ ചെയ്‌തുഓക്‌സ്‌ഫഡ്‌ സർവകലാശാലയും ബഹുരാഷ്ട്ര മരുന്നുകമ്പനി ആസ്‌ട്രാസെനെക്കയും വികസിപ്പിച്ച കോവിഷീൽഡ് പുണെയിലെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യയാണ്‌ (എസ്‌ഐഐ) ഉൽപ്പാദിപ്പിക്കുന്നത്‌. അഞ്ച്‌ കോടി ഡോസുകൾ ഇതിനോടകം ഉൽപ്പാദിപ്പിച്ചു‌.

ഒരാൾക്കുള്ള ഡോസ്‌ കേന്ദ്രസർക്കാരിന്‌ 440 രൂപ നിരക്കിൽ ലഭിക്കും. സ്വകാര്യവിപണിയിൽ ‌600–-700 രൂപയാകുമെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ സിഇഒ അദാർ പുണാവാല പറഞ്ഞു. രണ്ടുമുതൽ എട്ട്‌ ഡിഗ്രി താപനിലയിൽ സൂക്ഷിക്കാൻ കഴിയുമെന്നതാണ്‌ വാക്‌സിന്റെ സവിശേഷത. ഇന്ത്യൻ സാഹചര്യങ്ങളിൽ സംഭരിക്കാനും വിതരണം ചെയ്യാനും ഇത്‌ സഹായകമാകും. ശനിയാഴ്‌ച എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിൻ ഡ്രൈറൺ തുടങ്ങും.

ആഗോളമരുന്ന്‌ കമ്പനി ഫൈസർ, ഭാരത്‌ ബയോടെക് എന്നീ കമ്പനികളും വാക്‌സിനുകൾക്ക്‌ അടിയന്തര അനുമതി തേടി വിദഗ്‌ധസമിതിയെ സമീപിച്ചിരുന്നു. വിശദാംശങ്ങൾ സമർപ്പിക്കാൻ ഫൈസർ പ്രതിനിധികൾ വീണ്ടും സമയം ചോദിച്ചു‌. ഭാരത്‌ ബയോടെക് വിശദാംശങ്ങൾ കൈമാറി‌. ഉടൻ അനുമതി ലഭിച്ചേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *