പുതുവൈപ്പില്‍ ജനങ്ങളുടെ വന്‍ പ്രതിഷേധത്തിന് കാരണമായ എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണം നിര്‍ത്തിവെയ്ക്കുന്നു. ബുധനാഴ്ച്ച വരെ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഐഒസി അധികൃതര്‍ അറിയിച്ചതായി പുതുവൈപ്പ് എംഎല്‍എ എസ് ശര്‍മയാണ് മാധ്യമങ്ങളെ അറിയിച്ചത്. ജില്ലാ കളക്ടര്‍ക്ക് ഐഒസി അധികൃതര്‍ ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കി.
124 ദിവസമായി തുടരുന്ന സമരത്തില്‍ മുഖ്യമന്ത്രി ഇടപെടും എന്നും നേരത്തെ അറിയിച്ചിരുന്നു. മൂന്നുതവണ പൊലീസ് നടത്തിയ അതിക്രൂരമായ ലാത്തിച്ചാര്‍ജുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി സമരസമിതിയുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് അറിയിക്കുന്നതും.
ബുധനാഴ്ചയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമരക്കാരുമായി ചര്‍ച്ച നടത്തുകയും ഉറപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു. അതിലൊന്ന് കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്യാന്‍ വരുന്ന ദിവസം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്നാണ്. എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാലുവരെ നിര്‍ത്തിവെക്കാമെന്നും പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കാമെന്നുമായിരുന്നു മറ്റ് ഉറപ്പുകള്‍.













