ഛത്തീസ്‌ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. സുക്‌മ ജില്ലയില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍.കൊല്ലപ്പെട്ട മാവോയിസ്‌റ്റുകളുടെ പക്കല്‍നിന്ന് ഇന്‍സാസ്, എ.കെ. 47 തുടങ്ങി നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു.
ഒഡീഷ വഴി മാവോയിസ്‌റ്റുകള്‍ ഛത്തീസ്‌ഗഡിലേക്ക് കടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡി.ആര്‍.ജി) സി.ആര്‍.പി.എഫും സംയുക്‌ത ഓപ്പറേഷന്‍ ആരംഭിച്ചത്.

സുക്‌മ ജില്ലയിലെ ഭെജ്‌ജി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൊരാജുഗുഡ, ദന്തേസ്‌പുരം, നഗരം, ഭണ്ഡര്‍പദാര്‍ വനമേഖലകളിലായിരുന്നു ഏറ്റുമുട്ടല്‍. എന്നല്‍, കൊല്ലപ്പെട്ടവരുടെ എണ്ണമടക്കമുള്ള വിശദാംശങ്ങള്‍ പൂര്‍ണമല്ല. കഴിഞ്ഞ മാസം ഛത്തീസ്‌ഗഡിലെ നാരായണ്‍പുര്‍-ദന്തേവാഡ അതിര്‍ത്തിയിലെ വനത്തില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 31 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
നിരവധി ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഛത്തീസ്‌ഗഡിലെ സുക്‌മ ഉള്‍പ്പെടുന്ന ബസ്‌തര്‍ മേഖലയില്‍ നടന്ന വ്യത്യസ്‌ത ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 207 നക്‌സലുകള്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.













