ചൈനയുടെ എതിര്‍പ്പുകള്‍ തള്ളി ടിബറ്റിനെ അംഗീകരിച്ച്‌ അമേരിക്കയും

ചൈനയുടെ എതിര്‍പ്പുകള്‍ തള്ളി ടിബറ്റിനെ അംഗീകരിച്ച്‌ അമേരിക്കയും. ടിബറ്റില്‍ യുഎസ് കോണ്‍സുലേറ്റ് തുറക്കാന്‍ അനുമതി നല്‍കുന്ന, ചൈനയുടെ ഇടപെടലില്ലാതെ ദലൈലാമയെ തെരഞ്ഞെടുക്കാന്‍ ടിബറ്റിലെ ബൗദ്ധ സമൂഹത്തെ സഹായിക്കാന്‍ വഴിയൊരുക്കുന്ന പുതിയ ടിബറ്റന്‍ നയത്തിന് ട്രംപ് ഭരണകൂടം അനുമതി നല്‍കി. നയത്തില്‍ ഇന്നലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു.

ദലൈലാമയെ തെരഞ്ഞെടുക്കുന്നതില്‍ ചൈനയുടെ ഇടപെടല്‍ തടയാന്‍ അന്തരാഷ്ട്ര സഖ്യമുണ്ടാക്കാനും ദ ടിബറ്റന്‍ പോളിസി ആന്‍ഡ് സപ്പോര്‍ട്ട് ആക്‌ട് 2020ല്‍ വ്യവസ്ഥയുണ്ട്. ചൈനയുടെ എതിര്‍പ്പ് തള്ളി കഴിഞ്ഞാഴ്ച യുഎസ് സെനറ്റ് ബില്‍ പാസാക്കിയിരുന്നു.

ടിബറ്റിനെ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്ന നിയമത്തില്‍ ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ യുഎസ് കോണ്‍സുലേറ്റ് തുടങ്ങും വരെ യുഎസില്‍ പുതിയ ചൈനീസ് കോണ്‍സുലേറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നു.
ടിബറ്റന്‍ വിഷയങ്ങളില്‍ നടപടികള്‍ എടുക്കാന്‍ ബില്‍, യുഎസ് ടിബറ്റന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് അധികാരം നല്‍കുന്നു. ദലൈലാമയുടെ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാനുള്ള അധികാരവും കോ-ഓര്‍ഡിനേറ്റര്‍ക്കാണ്. പതിനഞ്ചാമത് ദലൈലാമയെ തെരഞ്ഞെടുക്കുന്നതില്‍ ചൈന ഇടപെട്ടാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും ചൈനീസ് സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അങ്ങനെ വന്നാല്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയ്ക്ക് അടമുള്ള ഉപരോധം ഏര്‍പ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

ചൈനയെ ടിബറ്റില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്ന വിഘടനവാദിയായിട്ടാണ് ദലൈലാമയെ ചൈന കണക്കാക്കുന്നത്. ടിബറ്റന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് ചെലവിടാന്‍ വര്‍ഷം ഒരു മില്ല്യണ്‍ ഡോളര്‍ മാറ്റിവച്ചു. ഇതിനു പുറമേ ടിബറ്റന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 6,75,000 ഡോളറും വിദ്യാഭ്യാസ വിനിമയ പദ്ധതികള്‍ക്ക് 5,75,000 ഡോളറും ടിബറ്റന്‍ സ്വയംഭരണ പ്രദേശത്തിന് എട്ട് മില്ല്യണ്‍ ഡോളറും ഇന്ത്യയിലെ ടിബറ്റുകാര്‍ക്ക് ആറ് മില്ല്യണ്‍ ഡോളറും ടിബറ്റന്‍ ഭരണകൂടത്തിന് മൂന്ന് മില്ല്യണ്‍ ഡോളറും അനുവദിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

വെള്ളം അടക്കമുള്ള ടിബറ്റിന്റെ പ്രകൃതി വിഭവങ്ങള്‍ ചൈന ചൂഷണം ചെയ്യുന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്ന നിയമം, ടിബറ്റന്‍ പീഠഭൂമിയിലെ മഞ്ഞുമലകള്‍ ഉരുകുന്നതും ചൂട് കൂടുന്നതും കാര്‍ബണ്‍ അളവും നദികളുടെ ഒഴുക്കും, പുല്‍മേടുകളുടെ മാറ്റങ്ങളും പഠിക്കാനും നിര്‍ദ്ദേശിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *