ന്യൂഡല്‍ഹി: ചൈനയിലടക്കം വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ഡല്‍ഹിയിലാണ് യോഗം ചേരുന്നത്.
കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളുടെ നിലവിലെ സ്ഥിതി, വാക്‌സിനേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ വിലയിരുത്തുകയാണ് യോഗത്തിന്റെ അജണ്ട. ആരോഗ്യ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

വിവിധ ലോകരാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായിത്തുടങ്ങിയതോടെ ഏത് തരം സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര നിര്‍ദ്ദേശം നല്‍കിയിരുന്നു. ആരോഗ്യമന്ത്രാലയം നല്‍കിയ കത്തില്‍ ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളിലെ പെട്ടെന്നുളള കൊവിഡ് വ്യാപനത്തില്‍ ജാഗരൂകരാകാനും പോസിറ്റീവ് കേസുകളുടെ ജീനോം സീക്വന്‍സിംഗ് കൂട്ടണമെന്നും നിര്‍ദേശിക്കുന്നു. ഇന്‍സാകോഗ് അഥവാ ഇന്ത്യന്‍ സാര്‍സ് കോവ് 2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം എന്ന രാജ്യത്തെ 50ലധികം ലാബുകളുടെ ശൃംഖല വഴി ഇത് നിരീക്ഷിക്കണം എന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആവശ്യപ്പെടുന്നത്.
പുതിയ വകഭേദങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ അവയെ കൃത്യസമയത്ത് കണ്ടെത്താനും മതിയായ ചികിത്സയടക്കം പൊതു ആരോഗ്യ സംവിധാനങ്ങളെ വികസിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു. ആഗോളതലത്തില്‍ 35 ലക്ഷത്തോളം കേസുകള്‍ ആഴ്‌ചതോറും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്നാണ് കേന്ദ്രം അറിയിച്ചത്.













