ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി


പ്രമുഖ കര്‍മശാസ്‌ത്രപണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (79) വഫാത്തായി. ദേഹാസ്വാസ്‌ഥ്യത്തേത്തുടര്‍ന്ന്‌ ഒരുമാസമായി കോഴിക്കോട്‌ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആറോടെയാണ്‌ അന്ത്യം.
ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ പിന്‍ഗാമിയായ സൈനുദ്ദീന്‍ മുസ്‌ലിയാരെ സംഘടനാരംഗത്തെ ആര്‍ജവം മൂലം അനുയായികള്‍ സൈനുല്‍ ഉലമ (പണ്ഡിതശോഭ) എന്നാണു വിളിച്ചിരുന്നത്‌. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ഖാസിയാരകത്തെ ചെറുശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാര്‍-പാത്തുമുണ്ണി ദമ്പതികളുടെ മകനാണ്‌. പിതാമഹന്‍മാരുടെ പാത പിന്തുടര്‍ന്ന സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഖാസിയാരകം പള്ളിയില്‍ പിതാവിനു കീഴിലാണു മതപഠനം ആരംഭിച്ചത്‌. കൊണ്ടോട്ടി സ്‌കൂളില്‍ എട്ടാം ക്ലാസ്‌ വരെ ഭൗതികവിദ്യാഭ്യാസം നേടി. പിന്നീടു മഞ്ചേരിയില്‍ രണ്ടുവര്‍ഷവും ചാലിയത്ത്‌ ഒരുവര്‍ഷവും ഓവിങ്ങല്‍ അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, ഓടയ്‌ക്കല്‍ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ മതപഠനം. പഠനകാലത്തുതന്നെ മതകാര്യങ്ങളില്‍ അനിതരസാധാരണമായ മികവു പുലര്‍ത്തി. 22-ാം വയസില്‍ കൊണ്ടോട്ടിക്കടുത്ത്‌ കോടങ്ങാട്‌ ജുമാഅത്ത്‌ പള്ളിയില്‍ മുദരിസ്സായും ഖത്തീബായും സേവനം തുടങ്ങി. 19 വര്‍ഷം അതു തുടര്‍ന്നു. പണ്ഡിതരുമായി സഹവര്‍ത്തിത്വവും മഹല്ലുകളിലെ കാര്‍മകത്വവും അദ്ദേഹത്തെ സാധാരണക്കാരുമായി അടുപ്പിച്ചു. ആശയത്തെ ആശയംകൊണ്ടു നേരിടുകയായിരുന്നു ശൈലി.




Sharing is Caring