ചെങ്ങന്നൂരില്‍ ഇടത് തരംഗം


ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂര്‍ എല്‍ഡിഎഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.


ആദ്യ ഫല സൂചനകള്‍ ലഭ്യമായപ്പോള്‍ തന്നെ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റം ആരംഭിച്ചിരുന്നു. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാര്‍ പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യം എണ്ണിയത്. ഇതില്‍ എല്‍ഡിഎഫ് ലീഡ് നേടിയതോടെ ചെങ്ങന്നൂരില്‍ ഇടതു തരംഗമാണെന്ന സൂചന വ്യക്തമായി. പഞ്ചായത്തിലെ 14 ബൂത്തുകളില്‍ 13ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് നേടി. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1,532 വോട്ടിന്‍റെ ലീഡാണ് എല്‍ഡിഎഫിനുണ്ടായത്.


തുടര്‍ന്ന് പാണ്ടനാട്, തിരുവനന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ ബൂത്തുകള്‍ എണ്ണിയപ്പോഴും സ്ഥിതി വ്യത്യസ്തമായില്ല. മാന്നാറിലെ വ്യക്തമായ ലീഡ് തുടര്‍ന്നുള്ള പഞ്ചായത്തുകളിലും സജി ചെറിയാന്‍ തുടര്‍ന്നു. ബിജെപി ശക്തി കേന്ദ്രമായ തിരുവനന്‍വണ്ടൂരില്‍ സജി ചെറിയാന്‍ ലീഡ് കരസ്ഥമാക്കിയതോടെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗമെന്നത് വ്യക്തമായി.

വോട്ടെണ്ണിയ ബൂത്തുകളില്‍ ഭൂരിഭാഗവും നേടിയാണ് എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കിയത്. സജി ചെറിയാന്‍റെ ജന്മനാടായ മുളക്കുഴ പഞ്ചായത്ത് അടക്കമുള്ള പ്രദേശങ്ങളിലെ ബൂത്തുകളാണ് അഞ്ചാം റൗണ്ടില്‍ എണ്ണിയത്. ഇവിടെയും വ്യക്തമായ മുന്നേറ്റമാണ് ഇടത് സ്ഥാനാര്‍ഥിക്കുണ്ടായത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്പോള്‍ തന്നെ കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയ ലീഡിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ സജി ചെറിയാന്‍ നേടിയിട്ടുണ്ട്.

പരന്പരാഗത ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ വോട്ട് നേടാമെന്ന പ്രതീക്ഷകള്‍ തകര്‍ന്നതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ അപ്രതീക്ഷിത ആഘാതത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള നേടിയ മുന്നേറ്റം ഇത്തവണ ദൃശ്യമായേയില്ല. ഇത് ബിജെപി വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാക്കി.



Sharing is Caring