ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭാധ്യക്ഷന്‍ തള്ളി. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്. ഇംപീച്ച്‌മെന്റ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിനെതിരായി ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയ ശേഷം നോട്ടീസിനെക്കുറിച്ച്‌ എംപിമാര്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. പ്രധാനമായും ഈ രണ്ട് കാരണങ്ങളാണ് പ്രമേയം തള്ളുന്നതിന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, സുപ്രീം കോടതി മുന്‍ ജഡ്ജി വി. സുദര്‍ശന്‍ റെഡ്ഡി, മുന്‍ നിയമസെക്രട്ടറി പി.കെ മല്‍ഹോത്ര, മുന്‍ ലജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ് തുടങ്ങിയവരുമായും മറ്റു നിയമജ്ഞരുമായും ഇംപീച്ച്‌മെന്റ് സംബന്ധിച്ച നിയമ വശങ്ങള്‍ വെങ്കയ്യ നായിഡു ചര്‍ച്ചചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രമേയം തള്ളാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷപാര്‍ട്ടികളിലെ 71 അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസാണ് രാജ്യസഭാധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് നല്‍കിയിരുന്നത്. കോണ്‍ഗ്രസ്, എന്‍.സി.പി., സി.പി.ഐ., സി.പി.എം., സമാജ് വാദി പാര്‍ട്ടി (എസ്.പി.), ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.), മുസ്ലിംലീഗ് പാര്‍ട്ടികളിലെ രാജ്യസഭാംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ച്‌ നോട്ടീസില്‍ ഒപ്പിട്ടത്. തുടക്കത്തില്‍ പിന്തുണച്ചിരുന്ന ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. പാര്‍ട്ടികളില്‍പ്പെട്ടവര്‍ പ്രമേയത്തില്‍ ഒപ്പിട്ടിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *