വരാപ്പുഴ കസ്റ്റഡി മരണം: എഎസ്‌ഐയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു


ആലുവ: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ എഎസ്‌ഐയെ ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം വരാപ്പുഴ പോലീസ് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എഎസ്‌ഐ ജയാനന്ദനെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.


സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ജിഎസ് ദീപക്കിനെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. ദീപക്കിനെ കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഎസ്‌ഐയേയും വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. സംഭവം നടന്ന ദിവസങ്ങളില്‍ വരാപ്പുഴ സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. വടക്കേക്കര സിഐയെയും ചോദ്യം ചെയ്യുന്നുണ്ട്.


അതേസമയം, കേസില്‍ അറസ്റ്റിലായ മൂന്ന് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുമതി നല്‍കി. ഇവര്‍ തന്നെയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് ഉറപ്പിക്കാനാണ് തിരിച്ചറിയല്‍ പരേഡിനു അനുമതി നല്‍കിയിരിക്കുന്നത്. തിരിച്ചറിയല്‍ പരേഡില്‍ ശ്രീജിത്തിന്റെ കുടുംബാംഗങ്ങളേയും അയല്‍വാസികളേയും ഉള്‍പ്പെടുത്തും. ആലുവ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിന്റെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവര്‍ക്കാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്.

വീട് കയറി ആക്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ആര്‍ടിഎഫ് അംഗങ്ങളായ മൂന്ന് പൊലീസുകാര്‍, വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ ദീപക്ക്, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിപിഓ സന്തോഷ് ബേബി, വരാപ്പുഴ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം എന്നിവരാണ് സസ്‌പെന്‍ഷനിലായത്. ഇതില്‍ എസ്‌ഐ അടക്കം നാലുപേര്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു.



Sharing is Caring