ചാലക്കുടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; പ്രത്യേക സംഘം അന്വേഷിക്കും


ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്പി യതീഷ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊല നടത്തിയ നാലു പേരെയും അറസ്റ്റ് ചെയ്‌തെന്നും രണ്ട് പേര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തില്‍ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിനു നേരെ ആരോപണം ഉയര്‍ന്നിരുന്നു. അഡ്വ ഉദയഭാനുവില്‍ നിന്നും ജീവനു ഭീഷണിയുണ്ടെന്ന കാണിച്ച് രാജീവ് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വെള്ളിയാഴ്ച്ചയാണ് എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. രാജീവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് ഇന്നലെ സൂചനകള്‍ ലഭിച്ചിരുന്നു.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.




Sharing is Caring