ചാമ്പ്യൻസ് ലീഗിൽ റയൽ ഇന്ന് തുടങ്ങുന്നു


ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തേടി റയല്‍ മാഡ്രിഡ് ഇന്ന് തുടങ്ങുന്നു. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൈപ്രസ് ടീം അപോയെല്‍ ആണ് എതിരാളി. ലിവര്‍പൂള്‍-സെവിയ്യ, ടോട്ടനം ഹോട്സ്പര്‍-ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മത്സരങ്ങളാണ് ഇന്നത്തെ പ്രധാന പോരാട്ടങ്ങള്‍. മാഞ്ചസ്റ്റര്‍ സിറ്റി-ഫെയ്നൂര്‍ദ്, ഷാക്തര്‍ ഡൊണെസ്തക്-നാപോളി മത്സരങ്ങളും ഇന്നു നടക്കും.


ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി രണ്ട് കിരീടം നേടിയ ഏക ടീമാണ് റയല്‍. മൂന്നാം സീസണിലും അത് ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസമുണ്ട് കോച്ച് സിനദിന്‍ സിദാന്. ഒന്നാന്തരം നിരയാണ് റയലിന്റേത്. നിലവിലെ ലോകത്തെ ഏറ്റവും മികച്ച നിര. പരിചയസമ്പന്നരും യുവതാരങ്ങളും ഒരുപോലെ മികവുകാട്ടുന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇടവേളയ്ക്കുശേഷം റയല്‍ കുപ്പായത്തില്‍ ഇന്നിറങ്ങും. സ്പാനിഷ് ലീഗില്‍ റൊണാള്‍ഡോയ്ക്ക് വിലക്കുകാരണം മത്സരങ്ങള്‍ നഷ്ടപ്പെട്ടു.


കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലാണ് റയല്‍. സിദാന്റെ പരിശീലന മികവുതന്നെയാണ് അതിനുള്ള കാരണം. സൂപ്പര്‍താരങ്ങള്‍ക്കപ്പുറമാണ് ടീം ഇന്ന്. അത് സിദാന്‍ വാര്‍ത്തെടുത്തതാണ്. സ്ഥാന വലുപ്പമല്ല, കളിമികവാണ് ടീമിലേക്ക് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. മാര്‍കോ അസെന്‍സിയോ, ഡാനി കബെല്ലോസ് എന്നീ യുവതാരങ്ങള്‍ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.



Sharing is Caring