ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ഇന്ന് ബാഴ്‌സ-സിറ്റി സൂപ്പര്‍ പോരാട്ടം


യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ന് ഹൈവോള്‍ട്ട് അങ്കം. ഗ്രൂപ്പ് സിയില്‍ നടക്കുന്ന പോരാട്ടത്തില്‍ ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍. ബാഴ്‌സയുടെ മുന്‍ പരിശീലകനായ പെപ്പ് ഗ്വാര്‍ഡിയോളയാണ് ഇപ്പോള്‍ സിറ്റിയെ പരിശീലിപ്പിക്കുന്നത്.


ഗ്രൂപ്പില്‍ കളിച്ച രണ്ട് കളികളും ജയിച്ച് 6 പോയിന്റുമായി ബാഴ്‌സ ഒന്നാമത്. ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റുള്ള സിറ്റി രണ്ടാമത്. സെപ്റ്റംബര്‍ 28ന് നടന്ന മത്സരത്തില്‍ സെല്‍റ്റിക്കിനോടാണ് സിറ്റി 3-3ന് സമനിലയില്‍ പിരിഞ്ഞത്. അതിനുശേഷം പ്രീമിയര്‍ ലീഗില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ തോല്‍ക്കുകയും മറ്റൊന്നില്‍ സമനില പാലിക്കുകയും ചെയ്തു.


ടോട്ടനത്തോട് 2-0ന് പരാജയപ്പെട്ടപ്പോള്‍ എവര്‍ട്ടനാണ് 1-1ന് സിറ്റിയെ സമനിലയില്‍ തളച്ചത്. അതേസമയം സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ബാഴ്‌സ സ്വന്തം മൈതാനത്ത് ഇന്ന് ഇറങ്ങുന്നത്. സ്പാനിഷ് ലീഗിലും മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സക്ക് പരിക്കില്‍ നിന്ന് മുക്തനായ സൂപ്പര്‍താരം മെസ്സിയുടെ സാന്നിധ്യവും ഗുണം ചെ യ്യും. മുന്‍പ് ഇരുടീമുകളും നാല് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ബാഴ്‌സക്കൊപ്പമായിരുന്നു. മാത്രമല്ല ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ കഴിഞ്ഞ 12 ഹോം മത്സരങ്ങളിലും വിജയിച്ചതും ബാഴ്‌സ തന്നെ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെല്‍റ്റിക് ബൊറൂസിയ മൊച്ചന്‍ഗ്ലാബാദിനെ നേരിടും.
മറ്റ് മത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ആഴ്‌സണല്‍ ലുഡോ റസ്ഗഡിനെയും പിഎസ്ജി ബാസലിനെയും നേരിടും.



Sharing is Caring