ചാണ്ടിയുടെ കായല്‍ കൈയേറ്റം: റവന്യൂമന്ത്രി മുഖ്യമന്ത്രിയെ കാണും

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കായല്‍ നികത്തിയെന്നും ഭൂമി കൈയേറിയെന്നുമുള്ള ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റിപ്പോര്‍ട്ട് വിശദമായി പഠിച്ച റവന്യൂമന്ത്രി ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനാണ് മുഖ്യമന്ത്രിയെ കാണുന്നതെന്നാണ് സൂചന.

ഭൂമികൈയേറ്റം നടന്നത് സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഏരിയയ്ക്ക് വേണ്ടിയാണ് കായല്‍ കൈയേറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി മണ്ണിട്ട് ഭൂമി നികത്തി. 2014ന് ശേഷമാണ് ഭൂമി നികത്തല്‍ നടന്നിരിക്കുന്നത്. 2008ലെ തണ്ണീര്‍ടത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി മണ്ണിട്ട് നികത്തുന്നത് കുറ്റകരമാണ്.

റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡും അനിധികൃതമായാണ് നിര്‍മിച്ചിരിക്കുന്നത്. റിസോര്‍ട്ടിന് സമീപത്തെ നീര്‍ച്ചാല്‍ അനുമതിയില്ലാതെ ഗതി തിരിച്ചുവിട്ടു. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും നിലം നികത്തല്‍ വ്യക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *