ചവറ കെ.എം.എം.എല്ലിലെ ഇരുമ്പുപാലം അപകടം; മരണം മൂന്നായി

ചവറ കെ.എം.എം.എല്‍ ഫാക്ടറിക്കുള്ളിലെ ഇരുമ്പുപാലം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം മൂന്ന് ആയി. കെ.എം.എല്‍.എല്‍ ജീവനക്കാരിയായ ആന്‍ജലീനയുടെ മൃതദേഹമാണ് ഇപ്പോള്‍ കിട്ടിയത്. ചവറ സ്വദേശി ശ്യാമള ദേവി, കെ.എം.എം.എല്‍ ജീവനക്കാരായ അന്നമ്മ എന്നിവരാണ് മരണപ്പെട്ട മറ്റുള്ളവര്‍.

രാവിലെ 10.15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കമ്പനിയിലേക്ക് പ്രവേശിച്ച ജീവനക്കാരും, കമ്പനിക്ക് മുന്നില്‍ സമരം നടത്തിയ കരാര്‍ തൊഴിലാളി കുടുംബങ്ങളും പാലത്തില്‍ കയറിയിറങ്ങുന്നതിനിടെയായിരുന്നു അപകടം. പാലത്തിന്റെ പടിഞ്ഞാറ് വശത്തെ ഇരുമ്പ് തൂണിളകി വശത്തേക്ക് ചരിയുകയായിരുന്നു. ആളുകള്‍ ഒരു വശത്തേക്ക് ചരിഞ്ഞതോടെ പാലത്തിന്റെ മറുഭാഗം ഒടിഞ്ഞ് കനാലിലേക്ക് പതിച്ചു. കമ്പികള്‍ക്കിടയില്‍ കുരുങ്ങിയും തെറിച്ചു വെള്ളത്തില്‍ വീണവരുടെ മുകളിലേക്ക് പാലം തകര്‍ന്ന് വീണുമാണ് കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ് കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്മന കൊല്ലക കൈരളിയില്‍ ശ്യാമളാ ദേവിയാ(56)ണ് ആദ്യം മരിച്ചത്. അന്നമ്മ,അഞ്ചലീന എന്നിവരുടെ മൃതദേഹം പിന്നീടാണ് കണ്ടെത്തിയത്. കൊല്ലംകോട്ടപ്പുറം ദേശീയ ജലപാതയുടെ ഭാഗമാണ് ടി.എസ്. കനാല്‍. കുടിയൊഴിപ്പിക്കപ്പെട്ട മൈനിങ് മേഖലയിലെ നിവാസികള്‍ അനിശ്ചിതകാല സമരത്തിലാണ്. തിങ്കളാഴ്ച രാവിലെ പ്രകടനവുമായെത്തിയ നൂറ് കണക്കിന് പേരാണ് കമ്പനിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. ഈ സമയം കമ്പനി ജീവനക്കാര്‍ കിഴക്കേക്കരയിലായിരുന്നു. പത്തു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ച തൊഴിലാളികള്‍ ഇക്കരെ കടക്കാന്‍ പാലത്തില്‍ കയറിയതോടെ മറുകരയില്‍ നിന്നും ജീവനക്കാരും പാലത്തില്‍ കയറി. പാലത്തില്‍ തിരക്ക് കൂടിയതോടെ വന്‍ ശബദത്തില്‍ ഇരുമ്പ് തൂണുകള്‍ പൊട്ടി പാലം കനാലിലേക്ക് പതിക്കുകയായിരുന്നു. കൂട്ടനിലവിളി കേട്ടും പാലം തകരുന്നത് കണ്ടും തൊഴിലാളികളും കനാലിലേക്ക് ചാടിയിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പരുക്കേറ്റവരെ കമ്പനി ആംബുലന്‍സിലും ഫയര്‍ഫോഴ്‌സ്, പൊലിസ് എന്നിവരുടെ ആംബുലന്‍സുകളിലായാണ് ആശുപത്രികളിലെത്തിച്ചത്. ചവറ, കരുനാഗപ്പള്ളി ഫയര്‍ യൂനിറ്റുകളും, കരുനാഗപ്പള്ളി, ചവറ, തെക്കുംഭാഗം പൊലിസും എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി.

2014ല്‍ കമ്മീഷന്‍ ചെയ്തതാണ് ഇരുമ്പു തൂണുകളില്‍ സ്ഥാപിച്ച പാലം. പരുക്കേറ്റവര്‍ക്ക് കമ്പനി ചിലവില്‍ മതിയായ ചികിത്സ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സംഭവമറിഞ്ഞ് എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, എം.എല്‍.എ മാരായ എന്‍. വിജയന്‍ പിള്ള, ആര്‍. രാമചന്ദ്രന്‍, ജില്ലാ കലക്ടര്‍ കാര്‍ത്തികേയന്‍, കെ.എന്‍. ബാലഗോപാല്‍, സൂസന്‍ കോടി, എസ്. ശോഭ, തങ്കമണി പിള്ള എന്നിവര്‍ സംഭവസ്ഥലവും പരുക്കേറ്റവരെ ചികിത്സയിലുള്ള ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അപകടത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *