‘ഗോലി മാരോ’ മുദ്രാവാക്യം മുഴക്കിയ ബി.ജെ.പിക്കാരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ രാജിവെച്ചു

പശ്ചിമ ബംഗാളിൽ കഴിഞ്ഞ ആഴ്ച നടന്ന റാലിയിൽ ‘ഗോലി മാരോ’ മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ രാജിവെച്ചു. കൊൽക്കത്തക്ക് സമീപത്തുള്ള ചന്ദന്നനഗറിലെ പോലീസ് കമ്മീഷണർ ഹുമയൂൺ കബീറാണ്, വ്യക്തിപരമായ കാര്യങ്ങൾ കാരണമാക്കി രാജിവച്ചത്. എന്നാൽ തന്റെ രാജിക്ക് പിന്നിലെ കാരണം കുറച്ച് ദിവസത്തിനുള്ളിൽ വ്യക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രത്യേക മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിൽ ഹുമയൂൺ കബീർ വ്യക്തമാക്കുകയുണ്ടായി.

അതേസമയം, രാഷ്ട്രീയ പ്രവേശനം ലക്ഷ്യമാക്കി കബീർ ഏപ്രിൽ 30ന് സ്ഥാനമൊഴിയാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന തരത്തിലും അഭ്യൂഹങ്ങൾ സജീവമാണ്. മമതതയുമായി അടുത്ത് നിന്നിരുന്ന ഹുമയൂൺ കബീർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭാര്യയെ തൃണമൂൽ കോൺഗ്രസിന് വേണ്ടി മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ബി.ജെ.പി നടത്തുന്ന പ്രചരണം.

എന്നാൽ, അടുത്തകാലത്തായി പലപ്രാവശ്യം ബംഗാളിലെ ന്യൂനപക്ഷ വിഭാങ്ങളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പരാമർശിച്ച ഹുമയൂൺ കബീർ ബി.ജെ.പിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തിലും പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്താൻ കബീർ ഇതുവരെ തയ്യാറായിട്ടില്ല. ഈ മാസം 21ന് നടന്ന റാലിയിൽ ഗോലി മാരോ മുദ്രാവാക്യം മുഴക്കിയ മൂന്ന് ബി.ജെ.പി അനുകൂലികളെ, ആക്രമണത്തിന് പദ്ധതിയിട്ടു എന്നാരോപിച്ച് അന്ന് രാത്രി തന്നെ അറസ്റ്റ് ചെയ്യാൻ നേതൃത്വം നൽകിയിരുന്നു ഹുമയൂൺ കബീർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *