‘ഗോരക്ഷകര്‍’ കുത്തിക്കൊന്ന ജുനെെദിന്‍റെ കുടുംബത്തിന് സിപിഐഎം 10 ലക്ഷം രൂപ നല്‍കും


ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്ക് മടങ്ങവേ ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് ഗോരക്ഷര്‍ കുത്തിക്കൊന്ന ജുനൈദിന്റെ കുടുംബത്തിന് സിപിഐഎം പത്തു ലക്ഷം രൂപ ധനസാഹയം നല്‍കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലാണ് ജുനൈദിന്റെ കുടുംബത്തിന് ധനഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.


ജുനൈദിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ബൃന്ദകരാട്ടിനൊപ്പമാണ് ജുനൈദിന്റെ കുടുംബം കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജുനൈദിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വഴി തുക കൈമാറാനാണ് തീരുമാനം.


ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് പതിനാറുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. പെരുന്നാളിന് മുമ്പായി ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ട്രെയിനില്‍ വെച്ച് സഹയാത്രികരുടെ വിദ്വേഷത്തിന് ജുനൈദ് ഇരയായത്. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നു. ‘ബീഫ് തീനി’കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം.



Sharing is Caring