ഗൂഗിൾ പേയ്ക്ക് അനർഹമായ മുൻഗണന; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവ്

പ്ലേസ്റ്റോറിലും ആൻഡ്രോയ്ഡിലുമുള്ള മുൻതൂക്കം ഉപയോഗിച്ച് മറ്റ് സേവനദാതാക്കളേക്കാൾ ആനുകൂല്യം എടുക്കുന്നുവെന്ന പരാതിയിൽ ‘ഗൂഗിൾ പേ’യ്‌ക്കെതിരെ അന്വേഷണം നടത്താൻ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ടു. മൊബൈൽ പേമെന്റ് മേഖലയിലെ മറ്റ് സേവനദാതാക്കളേക്കാൾ അനർഹമായ മുൻഗണന ഗൂഗിൾ എടുക്കുന്നുവെന്നും ഇത് രാജ്യത്തെ നിയമങ്ങൾക്ക് എതിരാണെന്നുമുള്ള പരാതിയിലാണ് ഉത്തരവ്.

പ്ലേസ്റ്റോറിലെ പെയ്ഡ് ആപ്പുകൾക്കും ഇൻ-ആപ്പ് പർച്ചേസുകൾക്കും പണമടക്കാൻ നിലവിലുള്ള ഏക മൊബൈൽ പേയ്‌മെന്റ് സംവിധാനം ഗൂഗിൾ പേ മാത്രമാണ്. ഇൻ-ആപ്പ് പർച്ചേസുകൾക്ക് 30 ശതമാനം വരെ കമ്മീഷൻ ഗൂഗിൾ ഈടാക്കുന്നുമുണ്ട്. ഇത് അന്യായമായ വിവേചനമാണെന്നും, വിപണിയിലുള്ള മറ്റ് ആപ്പുകൾക്ക് അവസരം നിഷേധിക്കലാണെന്നും അന്വേഷണത്തിനുള്ള ഉത്തരവിൽ സിസിഐ വ്യക്തമാക്കുന്നു. ആൻഡ്രോയ്ഡ് മൊബൈലുകളിൽ ഗൂഗിൾ പേ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നത് ശരിയല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.

പ്ലേസ്റ്റോറിലെ പർച്ചേസിന് മറ്റ് സേവനദാതാക്കൾക്ക് അവസരം നൽകാതെ ഗൂഗിൾ പേ മാത്രം ഉപയോഗിക്കണമെന്ന നിർബന്ധം, ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ആയി ഗൂഗിൾ പേ മാത്രം നൽകുന്നത്, പ്ലേസ്റ്റോറിൽ ഗൂഗിൾ പേയ്ക്കുള്ള മുൻനിര സ്ഥാനം തുടങ്ങിയവ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയാണ് സിസിഐക്ക് ലഭിച്ചത്. കോംപറ്റീഷൻ ആക്ടിന്റെ 26 (1) വകുപ്പുകൾ പ്രകാരം അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചെയർപേഴ്‌സൺ അശോക് കുമാർ ഗുപ്ത സിസിഐ ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *