ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതിയായി. ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിന് ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം തുറക്കാൻ തീരുമാനമായത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്വൽ ക്യൂ വഴി ദിവസം 3000 പേർക്ക് വാതിൽമാടം വരെ ദർശനം അനുവദിക്കും. കിഴക്കേ നടയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ക്ഷേത്രത്തിനുള്ളിൽ നിലവിൽ നെഗറ്റീവായ ജീവനക്കാരെ മാത്രം പ്രവേശിപ്പിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിന് ദുരന്തനിവാരണ അതോറിറ്റി ചെയർമാനും തൃശൂർ ജില്ലാ കലക്ടറുമായ എസ് ഷാനവാസ് ഉത്തരവിട്ടു. ചോറൂണ് ഒഴികെ വിവാഹം, തുലാഭാരം വാഹനപൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവു പോലെ നടക്കും.

മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇനിയും രോഗബാധ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിന് ഗുരുവായൂർ ദേവസ്വം പ്രത്യേക സംഘത്തെ നിയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്ര കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *