കോൺഗ്രസിന്‍റെ സംഘടനാ തലത്തിലെ പാളിച്ചകൾ തോൽവിയിലേക്ക് നയിച്ചുവെന്ന് ലീഗ്

തദ്ദേശ തെര‍ഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ തോല്‍വിയിലെ അത‌ൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ച് മുസ്ലീം ലീഗ്. യു.ഡി.എഫ് യോഗത്തിന് മുന്നോടിയായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഏകോപനമില്ലായ്മയെ ലീഗ് വിമര്‍ശിച്ചത്. അടിയന്തരമായി തിരുത്തല്‍ നടപടികളുണ്ടായില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ലീഗ് നല്‍കി.

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍,ഉമ്മന്‍ചാണ്ടി എന്നിവരുമായാണ് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസിലെ അനൈക്യം മുന്നണിയെ മൊത്തത്തില്‍ ബാധിച്ചുവെന്ന വികാരമാണ് ലീഗ് നേതാക്കള്‍ പങ്ക് വെച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ അനാവശ്യ പ്രസ്താവനകള്‍ തിരിച്ചടിയായി. നിയമസഭ തെരഞ്ഞെടുപ്പില്‍‌ നേട്ടമുണ്ടാക്കണമെങ്കില്‍ ഐക്യം അനിവാര്യമാണെന്നും ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചകള്‍ തുടരും.

എന്നാല്‍ മുന്നണിക്ക് ഉള്ളില്‍ മാത്രം വിമര്‍ശനം ഉന്നയിച്ചാല്‍ മതിയെന്നാണ് ലീഗ് തീരുമാനം. ഉത്തരവാദിത്വം മുഴുവന്‍ കോണ്‍ഗ്രസിന്‍റെ തലയില്‍ വെച്ച് പരസ്യ പ്രതികരണം നടത്തുന്നത് ഗുണകരമാവില്ലെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ആര്‍.എസ്.പി , കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എന്നി ഘടകകക്ഷികളും യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തന രീതിയിലെ അതൃപ്തി അറിയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *