ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധം; പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യും


ഗുണ്ടാ നേതാവ് ഓംപ്രകാശിനെ സന്ദർശിക്കുകയും ലഹരിപ്പാർട്ടിയില്‍ പങ്കെടുക്കുകയും ചെയ്ത സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ മരട് പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് വിവരം.ഇരുവരോടും സ്റ്റേഷനിലെത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. താരങ്ങള്‍ ഓംപ്രകാശിന്റെ മുറി സന്ദർശിച്ചത് ലഹരി ഉപയോഗിക്കാൻ തന്നെയാണെന്ന സംശയത്തിലാണ് പൊലീസ്.


കൊച്ചിയില്‍ നടന്നത് ലഹരിപ്പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓംപ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. സിനിമാതാരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശി ബിനു ജോസഫാണ്. ഇയാള്‍ ഗുണ്ടാനേതാവ് ഭായ് നസീറിന്റെ അനുയായിയാണ്. ലഹരിക്കേസ് പ്രതിയായ ഇയാള്‍ക്ക് സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബിനുവിനെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.


സിനിമാതാരങ്ങള്‍ക്ക് പുറമെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടില്‍ പേരുള്ള 20 പേരെയും ചോദ്യം ചെയ്യും. ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് വിവരം. ഓംപ്രകാശിന്റെ ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

കഴിഞ്ഞദിവസം കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിലാണ് താരങ്ങള്‍ ഓംപ്രകാശിനെ സന്ദർശിച്ചത്. ഇവിടെ മൂന്നു മുറികളാണ് ഓംപ്രകാശെടുത്തിരുന്നത്. ഞായറാഴ്ച ബോള്‍ഗാട്ടിയില്‍ നടന്ന അലൻ വാക്കറുടെ ഷോയില്‍ പങ്കെടുക്കാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ഓംപ്രകാശിന്റെ മൊഴി. ബോബി ചലപതി എന്നയാളുടെ പേരിലെടുത്ത മുറിയിലായിരുന്നു ഓംപ്രകാശും കൂട്ടാളിയും ശനിയാഴ്ച ലഹരിപ്പാർട്ടി നടത്തിയത്. അലൻ വാക്കർ ഷോ സംഘാടകരുടെയും മൊഴിയെടുക്കും.



Sharing is Caring