ഗുണ്ടാ ആക്രമണം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണം സഭ നിര്‍ത്തി വെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയുടെ തുടക്കത്തില്‍ പി ടി തോമസാണ് നോട്ടീസ് നല്‍കിയത്. ജനങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെട്ടു.കൊച്ചിയിലെ ഗുണ്ടാ ആക്രമണങ്ങള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ടെന്നും സിപിഎം നേതാക്കള്‍ക്ക് ഇത്തരം ഗുണ്ടകളുമായി ഉറ്റബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഗുണ്ടാ സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. തിരുട്ട് ഗ്രാമം പോലെയായിരിക്കുകയാണ് കേരളം. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ കിടമത്സരമായതിനാല്‍ പോലീസിന് ഗുണ്ടാ ആക്രമണം നോക്കാന്‍ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നതെന്ന് ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഗുണ്ടകള്‍ക്ക് സംരക്ഷണ കവചം ഒരുക്കില്ല. തന്നോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ആളായാല്‍പ്പോലും ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കും പ്രാധാന്യം. ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല.ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *