ഗുജറാത്തില്‍ എഞ്ചിനീയര്‍മാര്‍ കൈക്കൂലി വാങ്ങിയത് 2.5 ലക്ഷം ; എല്ലാം പുതിയ 2000 ന്‍റെ നോട്ടുകള്‍

കള്ളപ്പണക്കാരെയും കള്ളനോട്ടിനെയും ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമങ്ങളും പുതിയ നോട്ടുമായി ബന്ധപ്പെട്ട വിവാദവും കത്തുന്നതിനിടയില്‍ പുതിയ 2000 ന്‍റെ നോട്ട് ഉപയോഗിച്ചുള്ള ആദ്യ കൈക്കൂലി വര്‍ത്തമാനവും. നരേന്ദ്രമോഡിയുടെ സ്വന്തം നാട്ടില്‍ രണ്ട് പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കൈപ്പറ്റിയത് 2000 ന്‍റെ നോട്ടുകള്‍ മാത്രമുള്ള 2.9 ലക്ഷം രൂപ. 2000 ന്‍റെ നോട്ട് പുറത്തിറങ്ങി കേവലം 15 ദിവസം തികയും മുന്പാണ് സംഭവം. ഗുജറാത്ത് ആന്‍റി കറപ്ഷന്‍ ബ്യൂറോയാണ് പണം കണ്ടെത്തിയത്. രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി.
കണ്ട്ല പോര്‍ട്ട് ട്രസ്റ്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി ശ്രീനിവാസു, സബ് ഡിവിഷണല്‍ ഓഫീസര്‍ കെ കോണ്ടേക്കര്‍ എന്നിവരാണ് ഓഫീസര്‍മാര്‍.ബില്ലുകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ വന്‍തുക കൈക്കൂലി വാങ്ങിയെന്ന് കന്പനി തന്നെ പരാതി നല്‍കുക ആയിരുന്നു. പിന്നീട് പണം കൈപ്പറ്റിയ രുദ്രേശര്‍ എന്ന ഇടനിലക്കാരനെ അഴിമതി നിയന്ത്രണ വിഭാഗം അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തു വന്നത്.
ആഴ്ചയില്‍ 24,000 രൂപ മാത്രമേ ബാങ്കില്‍ നിന്നും ഒരാള്‍ക്ക് പിന്‍വലിക്കാന്‍ കഴിയൂ എന്നിരിക്കെ ഇത്രയും പണം അതും പുതിയ 2000 അടങ്ങിയത് എങ്ങിനെ കിട്ടി എന്നതാണ് അന്പരപ്പിക്കുന്നത്. അനേകം സുരക്ഷാ സംവിധനത്തോടു കൂടി പുറത്തിറക്കിയിട്ടും അതിനെയെല്ലാം മറികടന്നാണ് പുതിയ നോട്ടിന്‍റെ കെട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അഴിമതി രഹിത വിഭാഗം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ശ്രീനിവാസുവിന്‍റെ വീട്ടില്‍ നിന്നും പിന്നീട് 40,000 രൂപയും പിടിച്ചെടുത്തു. ഇയാള്‍ കൈക്കൂലി വാങ്ങിയെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *