ശ്രീലങ്കന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം. രണ്ടാമിന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 550 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ശ്രീലങ്ക 245 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും, ആര്‍ അശ്വിനുമാണ് ഇന്ത്യന്‍ വിജയം നേരത്തെയാക്കിയത്.
ഒന്നാം ഇന്നിങ്സില്‍ കുറിച്ച 600 റണ്‍ പിന്തുടര്‍ന്ന ലങ്കയെ 291ന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 240 റണ്ണെടുത്തു ഡിക്ളയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 550 റണ്ണിന്റെ ലീഡായി. ക്യാപ്റ്റന്‍ വിരാട് കോലി തന്റെ 17ാം ടെസ്റ്റ് സെഞ്ചുറി കുറിച്ച മത്സരത്തില്‍ (103) അഭിനവ് മുകുന്ദ് 83, രഹാനെ പുറത്താകാതെ 23 റണ്‍സ് എന്നിവര്‍ മികച്ച പ്രകടനം നടത്തി.

കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്ങ്സിനിറങ്ങിയ ലങ്കയ്ക്ക് ഒരു ഘട്ടത്തിലും വിജയിക്കാന്‍ കെല്‍പ്പ് പ്രകടിപ്പിച്ചില്ല. ഓപ്പണര്‍ കരുണരത്ന (97), നിരോഷന്‍ ഡിക്ക്വെല്ല(67) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.













