ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗാനകോകിലം ലതാ മങ്കേഷ്‌കറിനെ രാഷ്ട്രപുത്രിയായി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ലതാ മങ്കേഷ്‌കറിന് തൊണ്ണൂറ് വയസ്സ് തികയുന്ന സെപ്റ്റംബര്‍ 28ന് ഉണ്ടാകും.ഏഴു പതിറ്റാണ്ടായി ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മങ്കേഷ്‌കര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി.
ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങളുടെ കടുത്ത ആരാധകനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്റെ ശബ്ദമായ ഇന്ത്യയുടെ വാനമ്ബാടിയ്ക്ക് രാജ്യം നല്‍കുന്ന ആദരവാണിതെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പരിപാടിയില്‍ അവതരിപ്പിക്കാനായി കവിയും ഗാനരചയിതാവുമായ പ്രസൂല്‍ ജോഷി പ്രത്യേക ഗാനവും തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ലതാ മങ്കേഷ്‌കര്‍ ആയിരത്തിലധികം ഹിന്ദി സിനിമകളില്‍ പാടിയിട്ടുണ്ട്. കൂടാതെ മുപ്പത്തിയാറിലധികം പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിന്ദിക്ക് പുറമേ മറാഠി, ബംഗാളി, മലയാളം തുടങ്ങി 36ഓളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട് ലതാ മങ്കേഷ്കര്‍. 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. 2001ല്‍ ഭാരതരത്‌നയും. എം.എസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്‌കര്‍.













